Thursday, December 16, 2021

നീർക്കുമിളകൾ

പ്രപഞ്ചമൊരുനാൾ 
പകച്ചു ചോദിച്ചു
ഞാനാരാണ് ?
പ്രപഞ്ചത്തിന്റെ ആത്മാവ് 
മറുപടി പറഞ്ഞു
ഞാൻ ദൈവമാകുന്നു

അതിന്റെ പൊരുളറിയാനായി
ബോധത്തിനായി
പ്രപഞ്ചം വിഭജനമാരംഭിച്ചു
പരിണാമവും

ഓരോ വിഭജനത്തിലും
ചോദ്യം ആവർത്തിച്ചു
ഓരോ ഉത്തരവും
ഒരു നീർകുമിളക്കുള്ളിൽ
നിറഞ്ഞു
കവിതയായി പരിണമിച്ചു

പിന്നീടെപ്പോഴോ
മുള്ളുകളുള്ള
ഹൃദയത്തിൽ തട്ടി
നീർക്കുമിളകൾ
പൊട്ടിത്തകർന്ന്
കവിത വിടർന്നു



Saturday, November 13, 2021

വഴിപ്പൂവ്

വഴിപ്പൂവ്

വഴിയരികിൽ കണ്ടൊരു പൂവിനെ

 വെറുതെ നുള്ളിയെടുത്തു ഞാൻ

ആരും കാണാതുടനെ അതിനെ

കീശയിലാക്കി ഒളിപ്പിച്ചു 

അതിന്റെ നിറവും മണവും ഗുണവും

ഇനിമേൽ  എന്നുടെ സ്വന്തം 

വഴിയിലെ പൂവുകൾ കാഴ്ചകളെല്ലാം

പിന്നെ കാണാനായില്ല

ഇടയ്ക്കിടയ്ക്ക് കീശയിൽ നോക്കി

പൂവുണ്ടവിടെ ഭദ്രം

 യാത്ര കഴിഞ്ഞിട്ടെടുത്ത് നോക്കി 

ഗർവ്വോടെന്നുടെ പൂവിനെ ഞാൻ

വലിച്ചെറിഞ്ഞാ മണമില്ലാത്തൊരു

വാടിയ പൂവിനെയുടനെ 

ചുറ്റിലുമപ്പോൾ പല ചെടികളിലായ്

പുഞ്ചിരിതൂകി പൂക്കൾ

Friday, November 5, 2021

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ


ചിതറിക്കിടപ്പുണ്ടാ വീട്ടുവരാന്തയിൽ
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും

പതിവുപോൽ കാലത്തെഴുന്നേറ്റു ഞാൻ 
വെറുതെ നടക്കുകയായിരുന്നു

സൂര്യനെൻ മുന്നിലായുയരുന്നുണ്ട്
നിഴലെന്റ പിന്നിൽ ചുരുങ്ങുന്നുണ്ട്

വഴിയരികിൽ കണ്ടൊരാ കൊച്ചു വീടിൻ
ചുമരാകെ കോറി വരഞ്ഞിട്ടുണ്ട്

ചിതറിക്കിടപ്പുണ്ടാ വീട്ടുവരാന്തയിൽ
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും

അതു ചെയ്ത കുഞ്ഞിനെ കാണുവാനായ്
പിന്നെയുമവിടേക്ക് കൺകൾ പാഞ്ഞു

അപ്പൂപ്പനപ്പോൾ പുറത്തു വന്ന് 
എല്ലാമെടുത്തങ്ങടുക്കി വെച്ചു

പിന്നെയും മുന്നോട്ട് ഞാൻ നടന്നു
നിഴലെന്നെയപ്പോഴും പിന്തുടർന്നു

എവിടെയുമെത്താതെ തിരികെ പോന്നു
നിഴലെന്റെ  വഴികാട്ടിയായി മുന്നിൽ

ആ വീടു കണ്ടു തിരിഞ്ഞു നോക്കി
അപ്പൂപ്പൻ നിൽപ്പുണ്ട് വാതിൽക്കലായ്

അമ്മൂമ്മ തട്ടി തെറിപ്പിക്കുന്നു
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും




Wednesday, November 3, 2021

അറിയുന്നു ഞാൻ

അറിയുന്നു ഞാൻ
നിന്നെയറിയുന്നു ഞാൻ 

അറിയാത്ത വഴികളിൽ 
വഴികാട്ടിയാവുന്നൊരജ്ഞാതനെ
കാൺകെയറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

കരയുന്ന കുഞ്ഞിനെ 
ഓമനിമ്പോഴുമറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

വയറ് വിശക്കുമ്പോൾ 
എത്തുന്നൊരന്നത്തിൽ 
അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

അന്നം വിളയാൻ പൊടിയും വിയർപ്പിലും അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

ഇഴയുന്ന പുഴുവിലും കാറ്റിലും മഴയിലും
അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

എന്നുള്ളിലെന്നെ നയിക്കുന്ന ശക്തി
യിൽ
എന്നിലെ കവിതയിൽ
അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ

അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ

Saturday, October 23, 2021

മതിൽ

പൊളിഞ്ഞു വീണൊരു മതിലാണ് മഴവെള്ളം വന്നതിനടയാളം

മനസ്സിലുയർന്നൊരു മതിലാണ് മഴവെള്ളം പോയതിനടയാളം

Thursday, October 21, 2021

പൂമൊട്ട്

പൂമൊട്ട് 


വിടരാതിരിക്കുവാൻ ആവില്ലെനിക്കിനി കുളിരിളം കാറ്റ് തഴുകിടുമ്പോൾ 

നറുതേൻ നിറയ്ക്കാതിരിക്കുവാനാവില്ല ശലഭങ്ങളരികത്ത് പാറിടുമ്പോൾ

സുഗന്ധം പരത്താതെ വയ്യെൻറെ ചുറ്റിലും സൗഹൃദം പുഞ്ചിരിതൂകിടുമ്പോൾ

മുഖം ചുവപ്പിക്കാതെ വയ്യെനിക്കീ കവിത എന്നെ കുറിച്ചൊരാൾ പാടിടുമ്പോൾ

Monday, October 11, 2021

കിളിവിലാപം

കിളിവിലാപം

ഒടിഞ്ഞു വീണൊരു ചില്ലയിലാണെൻ
കൂടെന്നൊരു കിളി വിലപിച്ചൂ
അതു കേട്ടൊരു കവി കിളിയുടെ പാട്ടിൻ
വശ്യതയെഴുതി രസിപ്പിച്ചൂ

അമ്പുകളെയ്യും കാട്ടാളന്റെ
ദൈന്യതയൊരു കവി പണ്ടെഴുതി
പുതുകവികൾക്കതു കിളിരോദനമായ്
കാട്ടാളൻമാരില്ലാതായ്

ആരുടെ

ആരുടെതാണീ കാടെല്ലാം
കാടിന്റെ പച്ചയിൽ
ഓടി നടക്കണ ചെറുജീവികളും 
പാറി നടക്കണ കിളിമകളും

ആരുടെതാണീ പുഴയെല്ലാം
താളത്തിൽ ആടണ തിരയും
നീന്തുന്ന ചെറു മീനുകളും

ആരുടെതാണീ കാറ്റെല്ലാം
കാറ്റിലനങ്ങും
ഇലകളിലുണരും കവിതകളും

ആരുടെതാണീ മഴയെല്ലാം
മഴയത്ത് കുളിരും മനവും
ഉണരും കനവുകളും

ആരുടെതാണീയാകാശം
അതിരില്ലാതങ്ങനെയവിടെ

ആരുടെതാണീ ജീവവെളിച്ചം
ദിനവും വന്നിങ്ങനെ
നമ്മെയുണർത്തി

Saturday, September 18, 2021

ഇലകൾ

ഇലകൾ

കൈ കൂപ്പി വിടരുന്നതൊന്ന്
കൈ മലർത്തി കൊഴിയുന്നതൊന്ന്
മണ്ണിനു നല്ല വളമെന്നൊന്ന്
മണ്ണിനു വളമിനിയെന്നൊന്ന്
2017 Sep Facebook


Friday, September 17, 2021

Morning

പ്രഭാത പുഷ്പം വിടരും നേരം 
പടർന്നൊരൂർജ കണങ്ങൾ നിറച്ചു ഞാനാം
വെറുമൊരു തോന്നൽ കുമിളയിതാകെ
മഴവില്ലഴകിൻ ഏഴു നിറങ്ങൾ

Sunday, September 5, 2021

ഫോട്ടോജെനിക്

ഫോട്ടോജെനിക്

മണ്ഡരി പിടിച്ചുള്ള
ഓലകൾ മൂന്നാലെണ്ണം
തലയിൽ അങ്ങിങ്ങായി
തെറിച്ച് നിന്നീടുന്ന
ഒട്ടുമേ ഫോട്ടോ ജെനിക് 
അല്ലാത്ത തെങ്ങുകളെ 
ഫ്രെയ്മിൽ വരാതാക്കാൻ
പാടു പെടുന്നൊരു
ഫ്രീക്കനാ വഴിവക്കിൽ

പുഴുക്കൾ തിന്നുണ്ടായ
പച്ചിലത്തുളകളിൽ
കാമറ ഫോൺ ചേർക്കുന്നു
മാക്രോമോഡോണാക്കുന്നു

തോടിന്റെ കൂടെയുള്ള
സെൽഫികളെടുക്കുമ്പോൾ
പണിപ്പെട്ടൗട്ടാക്കുന്നു
പായലിൻ ഫോക്കസ്സിനെ

വെള്ളീച്ച നിറഞ്ഞാകെ
ചുളിഞ്ഞു വലത്തൊരു
പച്ചിളമിലകളെ
ബ്ലറു ചെയ്യിച്ചവൻ
സുന്ദരമാക്കീടുന്നു

ചിരിച്ചു കൊണ്ടെല്ലാമെ
ഫോക്കസിലാക്കീടുന്നു
ഫോട്ടോജെനിക്കെന്ന്
മനസിൽ പറയുന്നു
ജഗത്തിൽ നിറയുന്ന
വൈഡ് ആഗ്ൾ കവിയപ്പോൾ





വാതിൽക്കൽ ജ്ഞാതൻ

വാതിൽക്കൽ ജ്ഞാതൻ

ആരു വന്നിതു മുട്ടുന്നു വാതിലിൽ 
ആരവങ്ങളൊഴിഞ്ഞൊരീ വേളയിൽ

പാതി ഹൃദയവുമായി വന്നെത്തിയ
പാതി വഴിയിലൊഴിഞ്ഞ പ്രണയമോ

വാതിൽ മെല്ലെ തുറന്നു നോക്കീടവെ
വാനിലാകെ നിറയും നിലാമഴ

ആ നിലാവിൽ കുളിർന്നു നിൽക്കുന്നതാ
ആലിലക്കണ്ണനെൻ മുന്നിലെ പടിയിലായ്

പണ്ടു കണ്ടു മറന്നൊരു ചിത്രമോ
പണ്ടു പായിൽ കിടന്ന ഞാൻ തന്നെയോ

കണ്ടതില്ലിതു പോലൊരു കാഴ്ചയും
കല്പനയിലും നേരിലുമിതുവരെ

എൻ്റെ മുന്നിലാ പൈതൽ വളർന്നതാ
എന്റെയൊപ്പമായെന്നെ നോക്കീടുന്നു

അവനെന്റെ രൂപമാണെൻ്റെ വേഷം
അവനില്ലയെന്നിലില്ലാത്തതൊന്നും

പതിയെ ചിരിച്ചകത്തേക്ക് നടന്നവൻ
പതിയെയാ വാതിലടച്ചിടുന്നു

പതിയെ പടികളിറങ്ങി നടന്നു ഞാൻ
പതിയെയലിഞ്ഞു ഞാനാനിലാവിൽ

Thursday, September 2, 2021

കിനാവിലെ നിദ്ര

കിനാവിലെ നിദ്ര

നിദ്രയുടെ താളപ്പിഴകളിൽ
നിനവിന്റെ നിഴലനക്കങ്ങൾ
നിനവിന്റെ ഇടവേളകളിൽ
കിനാവിന്റെ മായക്കാഴ്ചകൾ
കിനാവും നിനവും കെട്ടുപിണഞ്ഞു
നിദ്രാ സമുദ്രത്തിൽ അനന്തനായി
ഞാനെന്ന ഭാവത്തെ കടഞ്ഞു
ഉലകത്തിൻ ഉണ്മയുണർന്നു

കിനാവിൽ കണ്ട കനത്ത മഴ
അപ്പോഴും പുറത്ത് പെയ്യുന്നുണ്ടായിരുന്നു
കിനാവിൽ ഇടിവെട്ടിയത്
അപ്പോഴും പുറത്ത് മുഴങ്ങുന്നുണ്ടായിരുന്നു

നിദ്രയിൽ എഴുതി തുടങ്ങിയ ഉന്മാദം
കിനാവിൽ ഞാൻ മുഴുവനാക്കട്ടെ



Tuesday, August 31, 2021

തലകൾ

മുകളിലുെള്ളൊരാ മുറിയിൽ നിന്നിങ്ങനെ
താഴെയുള്ളൊരാ വഴിയിൽ നോക്കവേ
തലകളനവധി പോയിടുന്നു
ചെറിയ വട്ടങ്ങളെന്നപോലവെ

കറുകറുത്ത മുടി നിറഞ്ഞവ
പഞ്ഞി പോലെ വെളു വെളുത്തവ
മിനുമിനുത്തൊരു പെട്ടയുള്ളവ
പലതരത്തിലായ് തലകളങ്ങനെ

ജീവിതത്തിൻ കണക്ക് നിറഞ്ഞവ
ജീവിതത്തിൻ മടുപ്പു നിറഞ്ഞവ
ജീവിതത്തിൻ കനവു നിറഞ്ഞവ
പലതരത്തിലായ് തലകളങ്ങനെ

ലക്ഷ്യമെത്താൻ പാഞ്ഞു പോകുന്നവ
ലക്ഷ്യമില്ലാതലഞ്ഞു നടപ്പവ
ലക്ഷ്യമെത്തി ചിരിച്ചു നടപ്പവ
പലതരത്തിലായ് തലകളങ്ങനെ

ചതിയൊതുക്കി പതുങ്ങി നടപ്പവ
ചതിയിൽ വീണു കരഞ്ഞ് നടപ്പവ
ചതിയിനിയുമെന്തെന്നറിയാത്തവ
പലതരത്തിലായ് തലകളങ്ങനെ

ശാസ്ത്ര വിദ്യകളുള്ളിലുള്ളവ
കലകൾ പലതും പരിലസിപ്പവ
മുന്നിൽ നിന്നു നയിച്ചിടുന്നവ
പലതരത്തിലായ് തലകളങ്ങനെ

താഴെയുെള്ളൊരാ  തലകളൊന്നുമേ
മുകളിലുള്ളൊരാ മുറിയിലെന്തേ
മുടി മുറിക്കാൻ വരാത്തെതെന്ന്
ക്ഷുരകനങ്ങനെയോർത്ത് നിന്നു പോയ്




Saturday, August 14, 2021

സമവാക്യം

സമവാക്യം

ഇതാ ഒരു സമവാക്യം
സമചിഹ്നത്തിന്റെ
അപ്പുറത്തൊരാൾ
ഇപ്പുറത്തൊരാൾ
അതിലൊരാൾ പറഞ്ഞു

ഞാനാണ് നീയും
നീ കാണുമീയുലകവും
ഞാനാണ് നിന്നെ
നയിക്കുന്ന നാഥനും
ഞാനാണ് കാലവും
ഞാനാണ് ശക്തിയും
ഞാനാണ് വിദ്യയും

ഇത് കേട്ട് സമചിഹ്നം നിർഗുണനായി
അത് കണ്ട് മറ്റേയാൾ വെറുതെ ചിരിച്ചു

Thursday, August 5, 2021

വല

വല

അറപ്പാണ് വെറുപ്പാണ്
എട്ടുകാലിലുമഴുക്കാണ്

തയ്യാരോ തയ്യതാരോ
തയ്യാരോ തയ്യാരോ

അറപ്പാണ് വെറുപ്പാണ്
എട്ടുകാലിലുമഴുക്കാണ്
ആ കാലുകൾ കൊണ്ട് നെയ്ത
വല നല്ല ചേലാണ്

തയ്യാരോ തയ്യതാരോ
തയ്യാരോ തയ്യാരോ

വെയിലത്ത് കാറ്റത്ത്
പാടുപെട്ട് നെയ്തതാണ്
വിശപ്പിന്റെ കനവിന്റെ
ഇഴ ചേർത്ത് നെയ്തതാണ്

തയ്യാരോ തയ്യതാരോ
തയ്യാരോ തയ്യാരോ

ഇനിയിതിലേ നടക്കുമ്പോൾ
തലയൊന്ന് കുനിക്കുക
അനുമോദിക്കുവാനല്ല
മേല് പറ്റാതിരിക്കുവാൻ

തയ്യാരോ തയ്യതാരോ
തയ്യാരോ തയ്യാരോ

ദൂർത്തിന്റെ ദുരയുടെ
വല നെയ്യും കൂട്ടുകാരെ
വലയിൽ വീഴുന്നോരെയോർത്ത്
കണ്ണുനീർ പൊഴിച്ചിടല്ലെ

തയ്യാരോ തയ്യതാരോ
തയ്യാരോ തയ്യാരോ

വിശപ്പിന്റെ കനവിന്റെ 
ഇഴ ചേർത്ത് നെയ്തതാണ്
വെയിലത്ത് കാറ്റത്ത് 
പള പളാ തിളങ്ങണ്

തയ്യാരോ തയ്യതാരോ
തയ്യാരോ തയ്യാരോ

വെയിലത്ത് കാറ്റത്ത് 
പള പളാ തിളങ്ങണ്

Saturday, July 17, 2021

ആശയം

ആശയം

പുല്ലു ചെത്തി പൊലിയെടുത്ത്
ചോന്ന മണ്ണ് കളച്ചെടുന്നത്
മേലെ മൂടി പതം വരുത്തി
നല്ല നാളിൽ സന്ധ്യ നേരം
കുഴിച്ചിട്ടൂ ഞാനൊരുഗ്രൻ
ആശയത്തെ, ശ്രദ്ധയോടെ

രാവിലെ ഞാൻ ചെന്നു നോക്കി
കവിതയൊന്നും മുളച്ചില്ല
കഥയൊന്നും മുളച്ചില്ല
മൺതരികളെന്നെ നോക്കി
കളിയാക്കി ചിരിക്കുന്നു

നാളു പോകെ ചുറ്റിലും
ശക്തിയോടെ കളവളർന്നു
കവിതയൊന്നും മുളച്ചില്ല
കഥയൊന്നും മുളച്ചില്ല
 
കോപമോടെയവിടത്തെ
മണ്ണുമാന്തിയതിശയം
നീണ്ടു നീർന്നു കിടക്കുന്നു
വലിയോരിരുമ്പുലക്ക

മരം

മരം

ഒരു ചെറുമരമെന്റെ മുന്നിലായ്
വെറുതെ നിൽക്കുന്നു ഭൂമിയിൽ

ഇലയനക്കങ്ങളൊട്ടു നിർത്തി
അതെന്നെ നോക്കുന്നു വിസ്മയം

അസ്തമിക്കുവാനേറെയില്ലിനി
എന്തിനായിവിടിരിപ്പു നീ

അന്തി ചോന്നതു കാണ്മതില്ലയോ
സ്വന്തമായൊരു കൂരയില്ലയോ

പാട്ടുപാടും കിളികളെല്ലാം
എന്റെ ചില്ലയിലലിഞ്ഞുചേർന്നിതാ

അവരുറങ്ങാനായി ഞാനീ
ഇലകളെല്ലാമൊതുക്കിടട്ടെ

അല്ല കുഞ്ഞേ
നിൻ പിന്നിലായ് കൈകളിൽ
എന്തിനായൊളിപ്പിച്ചൊരാ വെൺ മഴു

ശ്രദ്ധയോടതിൻ മരക്കൈ പിടിച്ചീടുക
മൂർച്ച കൊണ്ട് നിൻ വിരൽ മുറിഞ്ഞീടൊലാ

Sunday, June 20, 2021

പപ്പടം

പപ്പടം

മഴ കനത്തെങ്കിലുമാധിയില്ല
പപ്പടം നനയുന്ന ഭീതിയില്ല

നിസ്സംഗനായി ചടഞ്ഞിരിപ്പൂ
അകലേക്ക് മിഴിനട്ട് നാണുവേട്ടൻ

ഓലമെടഞ്ഞൊരാ മേൽകൂരയിൽ
പഴുതു കണ്ടെത്തീ മഴത്തുള്ളികൾ

താഴെയിരിക്കും ഞളുക്കു പാത്രം
കുടിലിന്റെ കണ്ണുനീരേറ്റ് വാങ്ങി

അരികത്തിരിക്കുന്നു രണ്ട് മക്കൾ
ഒട്ടിയ വയറുമായ് മൂകരായി

മൂത്തോളിടക്കിടെ മൺചുമരിൽ
തൂങ്ങുമാ ചിത്രത്തെയെത്തി നോക്കി

നാണുവേട്ടന്റെ പഴമനസ്സ്
പപ്പടമുണ്ടാക്കയായിരുന്നു

കൃത്യമായ് പൊടികൾ അളന്നെടുത്ത്
വെള്ളമൊഴിച്ച് കുഴച്ചെടുത്ത്

ചെറുതായുരുട്ടി പരത്തി വച്ച്
ചെറിയ വട്ടങ്ങൾ മുറിച്ചെടുത്ത്

കൊച്ചു മുറത്തിൽ നിരത്തിവച്ച്
വെയിലത്തുണക്കുകയായിരുന്നു

നിസ്സംഗനായി ചടഞ്ഞിരിപ്പൂ
അകലേക്ക് മിഴിനട്ട് നാണുവേട്ടൻ

മാരിയാൽ വലയുന്ന കാലമല്ലേ
പപ്പടമാർക്കുമേ വേണ്ടയിപ്പോൾ

പപ്പടക്കെട്ടുകൾ പൂക്കാതിരിക്കുവാൻ
പാടുപെടുന്നൊരു കാലമല്ലേ

അയലത്തെ വീട്ടിലെ കുട്ടിയപ്പോൾ
ഉച്ചത്തിൽ കരയുന്നയൊച്ച കേട്ടു

പപ്പടമില്ലെങ്കിൽ വേണ്ടയമ്മേ
ഇന്നിനി ചോറെനിക്കെന്തായാലും

നാണുവേട്ടന്റെ പഴമനസ്സ്
പപ്പടമുണ്ടാക്കയായിരുന്നു

Friday, May 28, 2021

മഴനൂലുകൾ

മഴനൂലുകൾ ചിന്നിച്ചിതറി
തളിരിലയിൽ കുളിരു പടർന്നു

കുളിരെല്ലാമൊത്തൊരുമിച്ച്
തെളിനീരിൻ തുള്ളി പിറന്നു

അതു വീണു നനഞ്ഞൊരു ചിറക്
കുഞ്ഞിക്കിളിയൊന്നു കുടഞ്ഞു

വർണ്ണങ്ങൾ വാരിയെറിഞ്ഞ്
മഴവില്ലിന്നഴക് വിരിഞ്ഞു

പുതുമണമായ് വർണ്ണമലിഞ്ഞു 
വേനൽ വെയിലേറ്റൊരു മണ്ണിൽ 

പണ്ടെന്നോ വീണു മയങ്ങിയ
വിത്തിൽ പുതു ജീവനുണർന്നു

മൃദുവേരുകൾ മണ്ണിലിറങ്ങി
തളിരിലകൾ മെല്ലെയുണർന്നു

മഴനൂലുകൾ ചിന്നിച്ചിതറി
തളിരിലയിൽ കുളിരു പടർന്നു

Saturday, May 8, 2021

കഠിനം

കഠിനം

ഗൃഹ പരിസരം അപനിർമിച്ച് കൊണ്ടിരുന്ന ഞാൻ ..

നീ എന്തൂട്ടാ ഈ പറയണ്? മുറ്റത്ത് പുല്ല് ചെത്തല്ലെ ആയിര്ന്നേ

കഠിന പദങ്ങൾ പ്രയോഗിച്ചാലല്ലെ പറയാൻ ഒന്നുമില്ല എന്ന ദുർഘടാവസ്ഥ തരണം ചെയ്യാൻ പറ്റൂ

അയ്... അങ്ങന്യൊന്നുല്ല്യ . നീ എന്തൂട്ടാന്നൊച്ചാ അങ്ങ്ട് കാച്ച്. കേക്കണോര് കേക്കട്ടെ

ഗേഹ വിമുക്തരായ കുറെ
 ഉരഗജീവികൾ എന്റെ പാദങ്ങളിൽ സ്പർശനശങ്കയുണ്ടാക്കി ഓടിയൊളിച്ചു

ഗഗനനീലിമയിൽ നിന്നും നിപതിച്ച ജലധാരയിൽ കുതിർന്ന മണ്ണ് പ്രതിഷേധത്തോടെ ഇളകിവന്നു

അറ്റ് പോയ പുൽശരീരങ്ങൾ  പുഴുകാനായി വ്യത്താകൃതിയിൽ കൂട്ടിയിട്ടു

പാദ രക്ഷക്കിടയിൽ മണ്ണിന്റെ അധിനിവേശം അസ്വാരസ്യമായപ്പോൾ അധ്വാനം നിർത്തി തൂലികയെടുത്തു

Friday, April 16, 2021

കവിയില്ലാതെ ഒരു കവിത

കവിയില്ലാതെ ഒരു കവിത


ഒരു നനുത്ത സാമീപ്യം
എന്നെ ഉണർത്തി

ആരാണ് നീ

ഭാവിയിൽ നീ എഴുതുന്ന ഒരു കവിത

നീയെങ്ങനെ കാലാതീതമായി

കവിതക്ക് കാലമില്ലെന്ന് നീ അറിഞ്ഞാലും

പക്ഷെ കവിക്കുണ്ടല്ലോ, നിന്റെ കർത്താവിന്

അകക്കണ്ണ് തുറന്ന് ചുറ്റും നോക്കൂ

എന്താണീ ശീത വെളിച്ചം, എന്റെ ബുദ്ധി ഇതിലലിയുന്നുവല്ലോ.

കണ്ടാലും കാലാതീതമായ പ്രജ്ഞയുടെ തലം. 

എഴുതിയതും എഴുതാനുള്ളതുമായ എല്ലാ കവിതകളും ഇവിടെ ലയിക്കുന്നുവല്ലോ

ആദി കവിക്കും മുൻപ്, പ്രപഞ്ചോർജത്തിന്റെ തരംഗ വ്യതിയാനങ്ങളിൽ അവ പിറന്നു

നിന്റെ കർത്താവ് ഞാനല്ലെന്ന ഓർമ എന്നിൽ ആനന്ദമായി നിറയുന്നു

മറവികളിലേക്ക് ഞാനുണർന്നു
ഒരു കവിതയെഴുതാനുള്ള അഹന്ത എന്നിൽ പെരുകി



പ്രചോദനം: മധുരംഗായതി (ഒവി വിജയൻ), മനുഷ്യന് ഒരു ആമുഖം (സുബാഷ് ചന്ദ്രൻ)

Tuesday, April 13, 2021

പുതുനാമ്പുകൾ

പുതുനാമ്പുകൾ

പുതുതായ് പിറന്ന കാലം കൺമിഴിച്ചു
ചുറ്റും നോക്കി
പകച്ച് ചോദിച്ചു
ഞാനെന്ത് ചെയ്യണം

പ്രഭാതം മറുപടി പറഞ്ഞു
നീ നന്മകളുടെ കണിയാവുക

വേനൽ മഴയിൽ 
അപ്പോൾ കുരുത്ത പുൽനാമ്പ്
അതു കേട്ട് കോരിത്തരിച്ചപ്പോൾ
ഒരു പൂർണ്ണസൂര്യൻ അതിന്റെ
നെറുകയിൽ പ്രകാശിച്ചു

ഇലച്ചാർത്തുകളിൽ
തത്തിക്കളിച്ചിരുന്ന
വിഷുക്കിളിയുടെ
ആഹ്ലാദം സംഗീതമായി

ഉരുളിയിൽ 
മുറിപ്പാടുണങ്ങാത്ത
ഒരു കണിക്കൊന്ന
വേദന മറന്ന്
മന്ദഹസിച്ചു


Monday, April 5, 2021

മുറിവ്

മുറിവ്
വരയൊന്നങ്ങനെയിങ്ങനെ പോയൊരു വരിയായി
വരികൾ ചേർത്തിങ്ങനെ വച്ചൊരു ചൊല്ലായി
ചൊല്ലിന്റെ മൂർച്ചകൾ കൊണ്ടൊരു മുറിവായി

ആ മുറിവിനെ മാറ്റാൻ പോന്ന മരുന്നെവിടെ
കാടായ കാടും തേടി
നാടായ നാടും തേടി
ആ മുറിവിനെ മാറ്റാൻ പോന്ന മരുന്നെവിടെ

വരയൊന്നങ്ങനെയിങ്ങനെ പോയൊരു വരിയായി
വരികൾ ചേർത്തിങ്ങനെ വച്ചൊരു ചൊല്ലായി
ആ ചൊല്ലിലെ കനവുകൾ മാറ്റും മുറിവെല്ലാം
ആ ചൊല്ലിലെ നേരുകൾ മാറ്റും മുറി വെല്ലാം
ആ ചൊല്ലിലെ നന്മകൾ മാറ്റും മുറി വെല്ലാം

Friday, March 26, 2021

ഉണക്കമരം

ഉണക്കമരം

പടരുന്ന വേരുകൾ 
പരതുന്നുവോരോ
മൺതരിക്കടിയിലുമിറ്റു വെള്ളം

പൊഴിയുന്നൊരിലകളെ നോക്കിയിരിക്കുന്നു
പ്രേതങ്ങളെപോൽ കിളിക്കൂടുകൾ

അടരുന്ന ചില്ലകൾ ചൊല്ലുന്നുവോരോ
കരയുന്ന കിളിയോടും യാത്രാമൊഴി

അന്നു നീ തന്നൊരാ ശ്വാസങ്ങളൊക്കെയും
കവിതയായെന്നിൽ പുനർജനിപ്പൂ