Sunday, December 31, 2023

പരാജിതൻ

ഒരു പരാജിതൻ മരിച്ചുപോയി
പരാജിതനായത്കൊണ്ട്
ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ്
അയാളുടെ
സ്വാഭാവികമരണാവകാശത്തെയും
എല്ലാവരും പരാജയപ്പെടുത്തി

അതിനുശേഷമാണ്
പുഴവക്കിലെ കായ്ക്കാമരത്തിൻ്റെ
ഉണക്കക്കൊമ്പിൽ
ആ കാക്കയിരുന്ന്
കരയാൻ തുടങ്ങിയത്

എന്നും രാത്രിയിൽ
ആ മരക്കൊമ്പ് ഒടിഞ്ഞ് വീഴും
പിറ്റേന്ന് മറ്റൊരു ഉണക്കക്കൊമ്പ്
ആ കാക്ക തിരഞ്ഞെടുക്കും

കാക്കയിരിക്കുമ്പോൾ
ആ മരക്കൊമ്പ്
ഉണങ്ങുന്നതാണെന്നാണ്
നിഷാദ് പറയുന്നത്

നിഷാദ് പരാജിതൻ്റെ
സുഹൃത്തായിരുന്നു

അവൻ ആ കാക്കയെ
പകയോടെ നോക്കുന്നത്
ഞാൻ കാണാറുണ്ട്

ഒരു ദിവസം അവൻ കല്ലെടുത്ത് 
കാക്കയെ ഉന്നം വക്കുന്നത് കണ്ട്
ഞാൻ ഉറക്കെയലറി

"അരുത് നിഷാദേ .."

അപ്പോഴേക്കും കല്ല് ഉന്നത്തിലെത്തി
അതുകണ്ട് ഞാൻ പോയി 
ഒട്ടും മഹത്തല്ലാത്ത
എന്തോ എഴുതി

2024

സ്വപ്നത്തിൽ കണ്ട ചിത്രശലഭം, രാവിലെയുണർന്നപ്പോൾ, അൽപനേരം വട്ടമിട്ട് പറന്ന് 2023 ലേക്ക് പറന്നുപോയി. അപ്പോഴതാ 2024 പതിയെ കിഴക്കുദിച്ചു വരുന്നു.

ഏവർക്കും പുതുവത്സരാശംസകൾ
- മധു

Thursday, December 28, 2023

വളരുന്ന കവിത

ഒന്നാം വരിയിൽ ഒന്നുമായില്ല
രണ്ടാം വരിയെ കണ്ടെടുത്തെഴുതി
മൂന്നാം വരിയെ മുനവച്ചെഴുതി
നാലാം വരിയിൽ നാട് മണത്തു
അഞ്ചാം വരിയിൽ കൊഞ്ചൽ നിറച്ചു
ആറാം വരിയിൽ ആറൊന്നൊഴുകി
ഏഴാം വരിയിൽ കേഴൽ പൊഴിഞ്ഞു
എട്ടാം വരിയെ കട്ടെടുത്തെഴുതി
ഒമ്പതാം വരിയിൽ ഒടുക്കത്തിലെത്തി
പത്താം വരിയെ കാത്തിരിപ്പാണ് ഞാൻ

Saturday, December 9, 2023

ചതുരചാരുത

ഒട്ടും സമമല്ലാത്ത ഒരു ചതുരം
കൈപ്പത്തിയെ അപഹരിച്ചു
അതിനകത്തെ ചെറു ചതുരത്തിൽ
വാർത്തകളും
പരസ്യങ്ങളും
പരദൂഷണങ്ങളും
തിടുക്കത്തിൽ നിരങ്ങി നീങ്ങി
അതിനൊപ്പം
മുഖപേശികൾ പണിപ്പെട്ട്
വികാരങ്ങളെ ചേരുംപടി ചേർത്തു
ഇടയിൽ കയറി വന്ന ഒരു കവിതയെ
വശങ്ങളിലെ കിടങ്ങിലേക്ക്
തള്ളിയിട്ട് നിഷ്ക്കരുണം കൊന്നു
ആ നിലവിളിശബ്ദം 
ആഴങ്ങളിലേക്കകന്ന് പോകുന്ന 
സ്വപ്നം കണ്ട് ചതുരം
ഇടക്കിടക്ക് ഞ്ഞെട്ടിവിറച്ചു
ചതുരത്തിന്റെ തലച്ചോറിൽ
പതിയെ അതൊരു രോഗമായി
പ്രതിവിധി രോഗാണുക്കൾ
വിഫലമായപ്പോൾ 
ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ടു
ഊർജം വറ്റി വറ്റി ഒരുനാൾ
ചതുരം അനക്കമറ്റു