Thursday, June 15, 2023

ധ്യാനനിസ്വനം

ധ്യാനനിസ്വനം


കിളികളുറക്കെ ചിലക്കുന്നു ചുറ്റിലും 
എൻ്റെ ധ്യാനം മുടക്കുവാനായ് 
കൺകളിൽ കുത്തിതറക്കുന്നു പൊൻവെട്ടം 
എൻ്റെ ധ്യാനം മുടക്കുവാനായ് 
പുതുമഴയിലുണരുന്നു മണ്ണിൻ്റെ മണമെങ്ങും 
എൻ്റെ ധ്യാനം മുടക്കുവാനായ് 
തളിരിളം കുളിർകാറ്റ് വീശുന്നു മേനിയിൽ 
എൻ്റെ ധ്യാനം മുടക്കുവാനായ് 
തേൻവരിക്കച്ചക്ക വിണ്ടതിൻ രുചി നാവിലൂറുന്നു 
എൻ്റെ ധ്യാനം മുടക്കുവാനായ്  

ആര് മെല്ലെയെന്നരികത്തു വന്നിടുന്നു 
എൻ്റെ ധ്യാനം മുടക്കുവാനായ് 

ധ്യാനമാണ് ഞാൻ, അജ്ഞാതഗുരുവായി 
നിന്നരികിലെത്തുവാൻ വന്നതാണ് 
ധ്യാനമാണ് ഞാൻ, പഞ്ചേന്ദ്രിയങ്ങളിൽ 
നിന്നിലേക്കെത്തുവാൻ വന്നതാണ് 

ധ്യാനമാണ് ഞാൻ, 
..... പാട്ടിലെ പൊരുളായ്‌ 
..... അറിവിൻ്റെ വെട്ടമായ് 
..... ജീവൻ്റെ മണമായ്
..... കരുണയുടെ കുളിരായ് 
..... വിശപ്പിൻ്റെ രുചിയായ് 
വന്നതാണ് 

ധ്യാനമാണ് ഞാൻ, പഞ്ചേന്ദ്രിയങ്ങളിൽ 
നിന്നിലേക്കെത്തുവാൻ വന്നതാണ് 

Monday, February 20, 2023

ശബ്ദോദയം

ശബ്ദോദയം

ബോധനിറവ് ഊർജമായി
ഊർജസരസ്സിൽ കണങ്ങൾ കലപില കൂട്ടി
കോലാഹലം തരംഗങ്ങളായി
കർണപുടങ്ങളിൽ ശബ്ദമായി
കാലങ്ങളിൽ സഞ്ചരിച്ച് പരിണമിച്ചു
വാക്കുകളായി
വാക്കിലെ പൊരുളായി
ചിലത് ചിരിയായി
ചിലത് ചിന്തകളായി
ചിലത് മുറിവായി
ചിലത് വെറും ചിലപ്പായി
ചിലത് തരംഗങ്ങളൊത്ത്
വൃത്താകൃതിയിൽ വളർന്ന്
വൃത്തമില്ലാത്ത കവിതകളായി

ശബ്ദം ചുറ്റിലും നിറഞ്ഞു
ആക്രോശമായി
വാഹനങ്ങളുടെ കോലാഹലമായി

" വഴീടെ നടുവിലാ അവന്റെ സ്വപ്നം കാണല്
എടുത്തോണ്ട് പോടാ"

സമാധാനമായി

Thursday, January 12, 2023

തെരിയാ നേരുകൾ

തെരിയാ നേരുകൾ


തെരിയേണ്ടതെന്തെന്ന്
തെരിയണില്ലാ തേവരേ

കാണേണ്ട കാഴ്ചയെന്ത്
കേൾക്കേണ്ട കേൾവിയെന്ത്
അതിൽനിന്നും ചൊല്ലേണ്ട
കാര്യമെന്ത് തേവരേ

തെരിയേണ്ടതെന്തെന്ന്
തെരിയണില്ലാ തേവരേ

എടം തോളിൽ ഭാണ്ഡമുണ്ട്
വലം തോളിൽ ഭാണ്ഡമുണ്ട്
ഭാണ്ഡമേത് കനമെന്ന് 
തെരിയണില്ലാ തേവരേ

നേരായ വഴിയേത്
വളവുണ്ടോ തിരിവുണ്ടോ
വഴിയെത്ര ദൂരമുണ്ട്
കയറ്റിറക്കങ്ങളുണ്ടോ
തെരിയണില്ലാ തേവരേ
തെളിയണില്ലാ തേവരേ

വഴി കാട്ടാനാളുണ്ടോ
വഴിയെത്രയിരുളാണ്
ഇരുളിലും തെളിയണ
വെളിച്ചത്തിൻ പൊരുളെന്ത്
തെളിയണില്ലാ തേവരേ

അകമേത് പുറമേത്
അകമേത് പുറമേതെന്നറിയുവാൻ
വഴിയേത്
തെരിയണില്ലാ തേവരേ

ഏനേത് തേവരേത്
തെരിയണില്ലാ തേവരേ
തെളിയണില്ലാ തേവരേ
Tuesday, November 29, 2022

സമയം

നിങ്ങളറിയുന്നുവോ, ഞാനൊരു വരിയിൽ നിർത്തുന്നത്  നിങ്ങളുടെ സമയം അധികം അപഹരിക്കാതിരിക്കാനെന്ന്

Monday, November 14, 2022

ഉയരം

നട്ടുച്ചയോട് എനിക്ക് പിണക്കമാണ്
എന്റെ നിഴലിനെ ഇങ്ങനെ കുറുക്കിയില്ലെ?

Sunday, November 6, 2022

സവിശേഷത

സവിശേഷത 

ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്
ഇന്നത്തെ പുലരിക്ക് എന്തോ സവിശേഷതയുണ്ട്.

സൂര്യനുദിച്ചത് കിഴക്കു തന്നെയല്ലെയെന്ന് 
പടിഞ്ഞാട്ട് നോക്കി ഉറപ്പുവരുത്തി

അന്താരാഷ്ട്ര ഗൂഢാലോചന ഭയന്ന്
പത്രങ്ങളെല്ലാം പരതി

ബഹുരാഷ്ട്ര കുത്തക കടന്നുകയറ്റമാണോയെന്ന്
ജാലകം തുറന്ന് നിരീക്ഷിച്ചു

അന്യഗ്രഹ ജീവികൾ ദൂരദർശനിൽ
സംപ്രേഷണം എറ്റെടുത്തോ എന്ന് നോക്കി

ഒന്നുമില്ല
പിന്നെന്താണ് ഇങ്ങനെ

പെട്ടന്ന് കണ്ഠനാളത്തിൽ ഒരു കിരുകിരുപ്പ്
ഹാച്ഛീ.... ശക്തമായി തുമ്മി
കൃത്യം ആറുവട്ടം

ഹൊ സമാധാനമായി
ഇന്നത്തെ ദിവസവും സാധാരണം തന്നെ

Monday, October 31, 2022

കൃത്രിമകൃതി

കൃത്രിമകൃതി

വർണസമൃദ്ധമായ ഒരു അസ്തമയാകാശം
ഞാൻ ഇറക്കുമതി ചെയ്തു

വലയായ വലയെല്ലാം തിരഞ്ഞ് ഒരു ചെറുകിളിയെ 
ഞാനതിൽ പിടിച്ചിട്ടു

ആരോ പങ്കു വച്ച ഒരു ചുവന്ന ഹൃദയം
ഞാനതിൽ ഒട്ടിച്ചു വച്ചു

അക്ഷരത്തെറ്റ് ഭയന്ന്, പകർപ്പെടുത്ത ആശംസാ സന്ദേശം
ഹൃദയത്തോട് പൊരുത്തപ്പെടുത്തി വച്ചു

അരികുകളിൽ പുഴയുടെ നീലിമ നിറച്ച്
അതിരുകൾ അടയാളപ്പെടുത്തി

അങ്ങനെ,
ചതുരാകാശവും,
പറക്കാക്കിളിയും,
തുടിക്കാഹൃദയവും,
ജീവനില്ലാവാക്കുകളും,
ഒഴുകാപ്പുഴയും
എന്റെ കൃത്രിമകൃതിയിൽ നിറഞ്ഞു
അത് മാലോകർക്കിതാ പങ്ക് വെയ്ക്കുന്നു
ഇഷ്ടക്കണക്കെടുക്കാൻ ഞാൻ കാത്തിരിക്കുന്നു.