Saturday, October 23, 2021

മതിൽ

പൊളിഞ്ഞു വീണൊരു മതിലാണ് മഴവെള്ളം വന്നതിനടയാളം

മനസ്സിലുയർന്നൊരു മതിലാണ് മഴവെള്ളം പോയതിനടയാളം

Thursday, October 21, 2021

പൂമൊട്ട്

പൂമൊട്ട് 


വിടരാതിരിക്കുവാൻ ആവില്ലെനിക്കിനി കുളിരിളം കാറ്റ് തഴുകിടുമ്പോൾ 

നറുതേൻ നിറയ്ക്കാതിരിക്കുവാനാവില്ല ശലഭങ്ങളരികത്ത് പാറിടുമ്പോൾ

സുഗന്ധം പരത്താതെ വയ്യെൻറെ ചുറ്റിലും സൗഹൃദം പുഞ്ചിരിതൂകിടുമ്പോൾ

മുഖം ചുവപ്പിക്കാതെ വയ്യെനിക്കീ കവിത എന്നെ കുറിച്ചൊരാൾ പാടിടുമ്പോൾ

Monday, October 11, 2021

കിളിവിലാപം

കിളിവിലാപം

ഒടിഞ്ഞു വീണൊരു ചില്ലയിലാണെൻ
കൂടെന്നൊരു കിളി വിലപിച്ചൂ
അതു കേട്ടൊരു കവി കിളിയുടെ പാട്ടിൻ
വശ്യതയെഴുതി രസിപ്പിച്ചൂ

അമ്പുകളെയ്യും കാട്ടാളന്റെ
ദൈന്യതയൊരു കവി പണ്ടെഴുതി
പുതുകവികൾക്കതു കിളിരോദനമായ്
കാട്ടാളൻമാരില്ലാതായ്

ആരുടെ

ആരുടെതാണീ കാടെല്ലാം
കാടിന്റെ പച്ചയിൽ
ഓടി നടക്കണ ചെറുജീവികളും 
പാറി നടക്കണ കിളിമകളും

ആരുടെതാണീ പുഴയെല്ലാം
താളത്തിൽ ആടണ തിരയും
നീന്തുന്ന ചെറു മീനുകളും

ആരുടെതാണീ കാറ്റെല്ലാം
കാറ്റിലനങ്ങും
ഇലകളിലുണരും കവിതകളും

ആരുടെതാണീ മഴയെല്ലാം
മഴയത്ത് കുളിരും മനവും
ഉണരും കനവുകളും

ആരുടെതാണീയാകാശം
അതിരില്ലാതങ്ങനെയവിടെ

ആരുടെതാണീ ജീവവെളിച്ചം
ദിനവും വന്നിങ്ങനെ
നമ്മെയുണർത്തി