Sunday, September 27, 2020

ഭൂപടം

ഭൂപടം


പണ്ടെന്നോ തലയില്‍ അടികൊണ്ട കോപത്തില്‍

ഒരാണി ഭൂപടത്തെ ഭിത്തിയിലെ ഒരു ബിന്ദുവില്‍

ചെറിയൊരു ചരടുകൊണ്ടു ബന്ധനത്തിലാക്കി


അതില്‍ പക കൊണ്ട് ഭൂപടം ആണിയെ കേന്ദ്രമാക്കി

ഭിത്തിയില്‍ ചാപങ്ങള്‍ കോറി വരഞ്ഞു


അകലമില്ലായ്മ നുണകളാക്കുന്ന 

ഭൂപടവരകള്‍ മുറിച്ച് കടക്കാന്‍ 

ചിലര്‍ കാലങ്ങളോളം കാത്തിരുന്നു


ആ കറുത്ത വരകളെ മാറ്റിവരക്കാന്‍ 

ആളുകള്‍ കാലങ്ങളോളം പടവെട്ടി


അനന്തമായ കടലിനും ആകാശത്തിനുമിടയില്‍ 

നാവികര്‍ ഇത് നോക്കി നെടുവീര്‍പ്പിട്ടു

 

അരിക് പൊടിഞ്ഞു പഴകിച്ചുവന്ന ഭൂപടങ്ങള്‍ 

പുത്തന്‍ സങ്കേതങ്ങളില്‍ പൂനര്‍ജനിച്ചു

അതിര്‍ത്തികള്‍ അതില്‍ നിറം വച്ചു


അകവും പുറവും ഒന്നെന്നോതിയ ഗുരു

കാലത്തിനപ്പുറത്തിരുന്ന് വേദനിച്ചത് കണ്ട 

പൈതല്‍ വെളളമൊഴിച്ച് ഭൂപടത്തിലെ 

അതിര്‍ത്തികള്‍ മായ്ച്ചു