കളിപ്പാട്ടങ്ങൾ
ചിതറിക്കിടപ്പുണ്ടാ വീട്ടുവരാന്തയിൽ
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും
പതിവുപോൽ കാലത്തെഴുന്നേറ്റു ഞാൻ
വെറുതെ നടക്കുകയായിരുന്നു
സൂര്യനെൻ മുന്നിലായുയരുന്നുണ്ട്
നിഴലെന്റ പിന്നിൽ ചുരുങ്ങുന്നുണ്ട്
വഴിയരികിൽ കണ്ടൊരാ കൊച്ചു വീടിൻ
ചുമരാകെ കോറി വരഞ്ഞിട്ടുണ്ട്
ചിതറിക്കിടപ്പുണ്ടാ വീട്ടുവരാന്തയിൽ
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും
അതു ചെയ്ത കുഞ്ഞിനെ കാണുവാനായ്
പിന്നെയുമവിടേക്ക് കൺകൾ പാഞ്ഞു
അപ്പൂപ്പനപ്പോൾ പുറത്തു വന്ന്
എല്ലാമെടുത്തങ്ങടുക്കി വെച്ചു
പിന്നെയും മുന്നോട്ട് ഞാൻ നടന്നു
നിഴലെന്നെയപ്പോഴും പിന്തുടർന്നു
എവിടെയുമെത്താതെ തിരികെ പോന്നു
നിഴലെന്റെ വഴികാട്ടിയായി മുന്നിൽ
ആ വീടു കണ്ടു തിരിഞ്ഞു നോക്കി
അപ്പൂപ്പൻ നിൽപ്പുണ്ട് വാതിൽക്കലായ്
അമ്മൂമ്മ തട്ടി തെറിപ്പിക്കുന്നു
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും