Thursday, October 8, 2020
അവധിക്കത്ത്
Sunday, September 27, 2020
ഭൂപടം
ഭൂപടം
പണ്ടെന്നോ തലയില്‍ അടികൊണ്ട കോപത്തില്‍
ഒരാണി ഭൂപടത്തെ ഭിത്തിയിലെ ഒരു ബിന്ദുവില്‍
ചെറിയൊരു ചരടുകൊണ്ടു ബന്ധനത്തിലാക്കി
അതില്‍ പക കൊണ്ട് ഭൂപടം ആണിയെ കേന്ദ്രമാക്കി
ഭിത്തിയില്‍ ചാപങ്ങള്‍ കോറി വരഞ്ഞു
അകലമില്ലായ്മ നുണകളാക്കുന്ന
ഭൂപടവരകള്‍ മുറിച്ച് കടക്കാന്‍
ചിലര്‍ കാലങ്ങളോളം കാത്തിരുന്നു
ആ കറുത്ത വരകളെ മാറ്റിവരക്കാന്‍
ആളുകള്‍ കാലങ്ങളോളം പടവെട്ടി
അനന്തമായ കടലിനും ആകാശത്തിനുമിടയില്‍
നാവികര്‍ ഇത് നോക്കി നെടുവീര്‍പ്പിട്ടു
അരിക് പൊടിഞ്ഞു പഴകിച്ചുവന്ന ഭൂപടങ്ങള്‍
പുത്തന്‍ സങ്കേതങ്ങളില്‍ പൂനര്‍ജനിച്ചു
അതിര്‍ത്തികള്‍ അതില്‍ നിറം വച്ചു
അകവും പുറവും ഒന്നെന്നോതിയ ഗുരു
കാലത്തിനപ്പുറത്തിരുന്ന് വേദനിച്ചത് കണ്ട
പൈതല്‍ വെളളമൊഴിച്ച് ഭൂപടത്തിലെ
അതിര്‍ത്തികള്‍ മായ്ച്ചു
Monday, August 31, 2020
വന്മരനുണകൾ
കുഞ്ഞേ,
നുണകളായിരുന്നു
നീ പഠിച്ച കഥയിൽ
നുണ ഒന്ന്
ഞാൻ അഹങ്കരിച്ചത്രേ
കാറ്റിൽ ചെറുചെടിയുലഞ്ഞപ്പോൾ
വന്മരവും ചെറുചെടിയും
ഞങ്ങളാണെന്ന്
ഞങ്ങൾക്കറിയില്ലല്ലോ
വന്മരവും ചെറുചെടിയും
ഭൂമിയല്ല എന്ന്
നിങ്ങൾക്കല്ലേ അറിയൂ
നുണ രണ്ട്
കൊടുങ്കാറ്റിലാണ്
ഞാൻ വീണതത്രെ
നിങ്ങളുടെ
നുണകൾ കൊണ്ട് മൂർച്ചയേറ്റിയ
മഴുവല്ലേ എന്നെ വീഴ്ത്തിയത്
നുണ മൂന്ന്
കാറ്റിൽ നിലം പൊത്തിയ ചെറു ചെടി
താനേ നിവർന്നുവത്രെ
മണ്ണിൽ താണ് വളമായത്
കനത്ത പാദുകങ്ങൾ കൊണ്ട്
ചവിട്ടിയത് കൊണ്ടല്ലേ
സത്യം, രണ്ടില്ലാത്തത്
ജീവവായുവിൻറെ വിലയറിയുമ്പോൾ
ചെടികളിനിയും മുളക്കും
മരങ്ങളിനിയും വളരും
Friday, August 21, 2020
പൂ മൊഴി
പൂ മൊഴി
ഓണമായെന്നുള്ളൊരോർമയോടെ
മുക്കുറ്റിപ്പൂക്കളെ കണ്ടു ചാരെ
ചുറ്റിലും മഞ്ഞ വിരിച്ച പോലെ
ചോദ്യമൊന്നാ പൂവിനുള്ളിൽ നിന്നും
വെൺമയോടൊപ്പമാ കാറ്റിൽ ചേർന്നു
നിങ്ങളെയാരുമെറുത്തെടുത്ത്
ചേമ്പിലതന്നിലടക്കിവച്ച്
കുട്ടികൾ തീർക്കുമാ പൂക്കളത്തിൽ
വെറുമൊരു മഞ്ഞയായ് തീർത്തതില്ലേ
പൊഴിയുവാറായൊരു പൂവു മെല്ലെ
പുഞ്ചിരി തൂകി തിരിച്ചു ചൊല്ലി
ഈ വർഷമറിയില്ല കൂട്ടുകാരാ
ആരുമേ വന്നില്ല പൂവിറുക്കാൻ
പൂമണമെയ്യുമ്പോൾ
എത്തുന്ന വണ്ടിനു
നറുതേൻ പകരുന്നു ഞങ്ങളിപ്പോൾ
ഇവിടെ പിറക്കുന്നു
ഉറ്റോരെയറിയുന്നു
ഇവിടെ പൊഴിയുന്നു ഞങ്ങളിപ്പോൾ
ഈ വർഷമറിയില്ല കൂട്ടുകാരാ
Wednesday, August 19, 2020
Saturday, July 25, 2020
Mango Tree (മാവ് )
മാവ്
പുളിയുറുമ്പിന്റെ കൂടൊന്ന്താഴെ വീണു തകർന്ന് പോയ്
വെള്ളി നൂലിന്റെ തുന്നൽ പൊട്ടി
മാവിലകൾ അകന്ന് പോയ്
കണ്ണിൽ നിറയെ പകപ്പുമായി
പതറിയോടിയുറുമ്പുകൾ
വായിലെരിയും പകയുമായവ
മാവ് വെട്ടിയ മഴു കടിച്ചു
മഴു പിടിച്ചൊരു കൈകളരികെ
വിറകുകൊണ്ടൊരു ചിതയൊരുക്കി
മാവു നട്ടൊരു കൈകളപ്പോൾ
ചിതയിൽ നിന്നും തെന്നി വീണു
Saturday, June 6, 2020
വില
വില
Sunday, May 24, 2020
Friday, May 1, 2020
കടി
കടി
വർഷങ്ങൾക്ക് പുറകിൽ നിന്ന്രണ്ട് നായക്കണ്ണുകൾ
എന്നെ നോക്കി പരിതപിച്ചു
അയ്യോ
ഈ പാവം അലവലാതിയെ
കടിക്കണ്ടായിരുന്നു
ആ നായ ആദ്യമായായിരുന്നു
ആ തെരുവോരത്ത്
അന്ന് പുലർച്ചെ
അവിടെയെങ്ങിനെ
അവനെത്തിയെന്ന്
അവനറിയില്ലായിരുന്നു
അപരിചിത ഗന്ധങ്ങൾ
അവന്റെ മൂക്കിൽ കൂടെ
തലച്ചോറിൽ കയറി
കുത്തിത്തിരുപ്പുണ്ടാക്കി
ഭയപ്പെടുത്തുന്ന ഒച്ചകൾ
ചുറ്റിലും മുഴങ്ങി
ഒന്നുപോലും തിരിച്ചറിയാതെ
അവൻ കുഴങ്ങി
കടുത്ത കല്ലുകളിലുണ്ടാക്കിയ
മതിൽക്കെട്ടിനകത്ത്
കൂർത്ത വെറുപ്പുകൾ
തലയിൽ വച്ച
പടിവാതിലിനപ്പുറത്ത് നിന്ന്
വരേണ്യനായകൾ
അവനെ നോക്കി
കളിയാക്കി കുരച്ചു
അപ്പോൾ അതാ
ഒരു കിണി കിണി ശബ്ദം
അവൻ ഭ്രാന്തമായ് കുരച്ച്
ചുറ്റും നോക്കിയപ്പോൾ
ചവിട്ട് വണ്ടിയിൽ ഞാൻ
അവനെ തീർത്തും
അവഗണിച്ച്
അതിലൂടെ പോകുന്നു
പിന്നെ നടന്നത്
അവനു തന്നെ ഓർമ്മ കാണില്ല
എന്റെ കാലിൽ കൂർത്ത പല്ലുകൾ
ആഴ്ന്നിറങ്ങുമ്പോൾ
അവന്റെ കണ്ണുകൾ പറഞ്ഞുവോ
അയ്യോ
ഈ പാവം അലവലാതിയെ
കടിക്കണ്ടായിരുന്നു
Saturday, April 25, 2020
Life Book
അഹങ്കരിക്കണ്ട
ഇതെഴുതിയത് നീ മാത്രമല്ല
നീ കണ്ടതും
കാണാത്തതും
പേരറിയുന്നതും
പേരറിയാത്തതുമായ
ഒരുപാട് പേരുടെ
കയ്യക്ഷരങ്ങൾ
നിനക്ക്
ഇനിയെഴുതാനുള്ളത്
എന്തെന്ന് അറിയില്ല
ഇനിയെത്ര
താളുകളുണ്ടെന്നും
അഹങ്കരിച്ചോളൂ
ഇത് നീയാണ്
Friday, March 20, 2020
Rectangles
ചതുരങ്ങൾ
പിറക്കും മുമ്പ്ഒരു ചതുരത്തിൽ
ഞാൻ
അവ്യക്തനായപ്പോൾ
നിങ്ങൾ
ആഹ്‌ളാദിച്ചു
പിറന്നു വീണ
ചതുര കട്ടിലിൽ കിടന്ന്
ഞാൻ
കരഞ്ഞത് കണ്ട്
നിങ്ങൾ
ചിരിച്ചു
ചുറ്റിലും എന്നെ നോക്കുന്ന
ചതുരക്കണ്ണുകളിലെ
തിളക്കം കണ്ട്
ഞാൻ
അന്ധാളിച്ചു
അദ്ധ്യാപകർ
വലിയ ചതുരത്തിൽ എഴുതിയത്
ചെറിയ ചതുരത്തിൽ പകർത്തി
ഞാൻ
വളർന്നു
പുലർകാലങ്ങളിൽ
ചതുര പത്രത്തിൽ നിന്ന്
ഞാൻ
വാർത്തകളറിഞ്ഞു
കയ്യിൽ കിട്ടിയ
ചെറിയ ചതുരങ്ങളിൽ നിന്ന്
അറിവും അറിവുകേടും
ഞാൻ
തലയിൽ കുത്തിനിറച്ചു
കാലം പോകെ
ചതുര ഫലകങ്ങൾ വാങ്ങി
ചതുരങ്ങളിൽ ഒപ്പു വച്ച്
ഞാൻ
നിങ്ങളായി
സമയക്കട്ടകളെ
പല വർണ്ണ ചതുരങ്ങളാക്കി
യന്ത്രങ്ങളുടെ ഓർമകളിൽ
രഹസ്യവാക്കുകൾ കൊണ്ട് പൂട്ടി
നിങ്ങൾ
ആശ്വസിച്ചു
ആറ് വശങ്ങളിലും നിർമിച്ച
ചതുരച്ചുമരുകളിൽ
അലങ്കാരങ്ങൾ നിറച്ച്
നിങ്ങൾ
തടവിലായി
ഒരു ചുമരിൽ
ചതുര വാതിൽ
തുറന്ന് കിടന്നത്
നിങ്ങൾ
കണ്ടില്ല
ഒരു ചുമരിൽ
ചതുര ജാലകത്തിനപ്പുറം
കാത്തുനിന്ന കാറ്റിനെ
നിങ്ങൾ
കണ്ടില്ല
ഒടുവിൽ
ഒരു ചതുരപ്പെട്ടിയിൽ
ഒരു ചതുരക്കുഴിയിൽ
ഒരു ചതുരച്ചിതയിൽ
ചതുരങ്ങൾക്ക് അതീതനാവുമ്പോൾ
ഒരു ചതുരച്ചുമരിൽ
ഒരു ചതുര ചിത്രത്തിന് മുന്നിൽ
ചതുരത്തെ തോൽപ്പിക്കാൻ
വായിച്ച് തീരാത്ത കവിതയായി
ഒരു ചതുരത്തിൽ
ഇതും കുടുങ്ങി കിടക്കുമോ
നിങ്ങൾ
വായിച്ച് തീർത്ത്
ചതുരത്തിൽ നിന്ന്
ഇതിനെ മുക്തമാക്കുമോ
Saturday, March 14, 2020
The Other Side
ഒരു പുലർ കാലത്ത് കണ്ടു ഞാനെന്നെയൊരു
ജാലകച്ചില്ലിന്റെ ഇങ്ങേ പുറത്തായ്
ഒരു കൊച്ചു ശലഭമായ് ചിറകടിക്കുന്നു ഞാൻ
തലതട്ടി വീഴുന്നു കാണാ തലങ്ങളിൽ
അപ്പുറം കാണുന്നു കാറ്റിലായാടുന്ന
പച്ച മരങ്ങളും ചെടികളും പൂക്കളും
അപ്പുറം കാണുന്നു പാടും കിളികളും
പാറിക്കളിക്കുന്ന കൂട്ടുകാരും
അപ്പുറം കാണുന്നു അതിരറ്റ വാനിലെ
മേഘങ്ങളെഴുതുന്ന സ്വാതന്ത്ര്യ സംഹിത
അപ്പുറം കാണുന്നു നീലയാം വാനിലെ
ചെഞ്ചുവപ്പോലുന്ന സൂര്യോദയം
അപ്പുറം കാണുന്ന കാഴ്ചകളിലെത്തുവാൻ
പിന്നെയും പിന്നെയും ചിറകടിക്കുന്നു ഞാൻ
അപ്പുറം കാണുന്ന കാഴ്ചകളിലെത്താതെ
തലതട്ടി വീഴുന്നു കാണാ തലങ്ങളിൽ
ഒരു കരം നീണ്ടു വരുന്നുണ്ടിതെൻ നേരെ
കല്ലെടുപ്പിക്കുമോ രക്ഷിക്കുമോ
ഭ്രാന്തമായ് ചിറകടിച്ചെങ്കിലുമൊട്ടുമേ
മുന്നോട്ടു പോകുവാനൊത്തതില്ല
ജാലകപ്പാളികൾ മെല്ലെ തുറന്നു ഞാൻ
ഒരു ശലഭമകലേക്കകന്ന് പോയി
അപ്പുറം കാണുന്ന കാഴ്ചയായതു മാറി
നിശ്ചലം നിൽക്കുന്നു ഞാനിപ്പുറം
ജാലക കൂടിൻറെ അഴികൾ പിടിച്ചിതാ
നിശ്ചലം നിൽക്കുന്നു ഞാനിപ്പുറം
Saturday, February 22, 2020
പത്ര ഭയം
വായിച്ചു തീർന്ന് വാർത്തകൾ വറ്റി
ഇരിപ്പിടങ്ങളായ പഴയ പത്രങ്ങൾ
നാടകം കഴിഞ്ഞപ്പോൾ
പൂരപ്പറമ്പിൽ ചിതറിക്കിടന്നു
മരിച്ചുപോയ മരങ്ങളുടെ
ചതഞ്ഞ് പരന്ന ആത്മാക്കൾ
തലങ്ങും വിലങ്ങും
കിടക്കുന്ന ഒരു പത്രത്താളിലെ
ചെറിയ ചതുരങ്ങളിലിരുന്ന്
മരിച്ചു പോയവർ
മരിക്കാനിരിക്കുന്നവരെ
അനക്കമില്ലാതെ നോക്കി
ചതഞ്ഞരഞ്ഞ വാർത്തകളൂമായി
വതിലിൽ ആഞ്ഞിടിച്ച്
കോലായിൽ വന്നു വീണ പത്രം
പിടയാതെ മരിച്ചു
Sunday, February 16, 2020
Balloon
അകത്ത് വായു നിറച്ച്
നിങ്ങളെന്നെ
കടുത്ത സമ്മർദ്ദത്തിലാക്കി
എന്നിട്ട് നൂലുകെട്ടി
പഴുതടച്ച്
തട്ടിക്കളിച്ച്
ആഹ്ളാദിച്ചു
ആകാശത്തിൽ
നിറയാൻ കൊതിച്ച്
അകത്ത് വായു
വിപ്ലവം തുടങ്ങി
ആരോ ഉണ്ടാക്കിയ
സൂചിപ്പഴുതിലൂടെ
പണ്ട് ഒന്നായിരുന്നവർ
ആർത്തട്ടഹസിച്ച്
വീണ്ടും ഒന്നായി
അതുകണ്ട്
ചിലർ ചിരിച്ചു
ചിലർ കരഞ്ഞു
ശേഷിപ്പുകൾ
പലയിടത്തായി
ചിതറിവീണ് ഞാൻ ഒരു
പ്രകൃതി ദുരന്തമായി
- ബലൂൺ