Saturday, March 14, 2020

The Other Side

അപ്പുറം

ഒരു പുലർ കാലത്ത് കണ്ടു ഞാനെന്നെയൊരു
            ജാലകച്ചില്ലിന്റെ ഇങ്ങേ പുറത്തായ്

ഒരു കൊച്ചു ശലഭമായ് ചിറകടിക്കുന്നു ഞാൻ
            തലതട്ടി വീഴുന്നു കാണാ തലങ്ങളിൽ

അപ്പുറം കാണുന്നു കാറ്റിലായാടുന്ന
            പച്ച മരങ്ങളും ചെടികളും പൂക്കളും

അപ്പുറം കാണുന്നു പാടും കിളികളും
            പാറിക്കളിക്കുന്ന കൂട്ടുകാരും

അപ്പുറം കാണുന്നു അതിരറ്റ വാനിലെ
           മേഘങ്ങളെഴുതുന്ന സ്വാതന്ത്ര്യ സംഹിത
         
അപ്പുറം കാണുന്നു നീലയാം വാനിലെ
              ചെഞ്ചുവപ്പോലുന്ന സൂര്യോദയം

അപ്പുറം കാണുന്ന കാഴ്ചകളിലെത്തുവാൻ
              പിന്നെയും പിന്നെയും ചിറകടിക്കുന്നു ഞാൻ

അപ്പുറം കാണുന്ന കാഴ്ചകളിലെത്താതെ
            തലതട്ടി വീഴുന്നു കാണാ തലങ്ങളിൽ

ഒരു കരം നീണ്ടു വരുന്നുണ്ടിതെൻ  നേരെ
             കല്ലെടുപ്പിക്കുമോ രക്ഷിക്കുമോ

ഭ്രാന്തമായ് ചിറകടിച്ചെങ്കിലുമൊട്ടുമേ
             മുന്നോട്ടു പോകുവാനൊത്തതില്ല


ജാലകപ്പാളികൾ മെല്ലെ തുറന്നു ഞാൻ
             ഒരു ശലഭമകലേക്കകന്ന് പോയി

അപ്പുറം കാണുന്ന കാഴ്ചയായതു മാറി
              നിശ്ചലം നിൽക്കുന്നു ഞാനിപ്പുറം

ജാലക  കൂടിൻറെ അഴികൾ പിടിച്ചിതാ 
             നിശ്ചലം നിൽക്കുന്നു ഞാനിപ്പുറം

2 comments:

  1. കലക്കി...പൂമ്പാറ്റയായ് മാറുന്ന ഭാവന കലക്കി..ആ സ്വാതന്ത്ര്യം ഇല്ല എന്നറിഞ്ഞപ്പോൾ ഉള്ള വേദനയും മനസ്സിനെ പിടിച്ചു കുലുക്കി..

    ReplyDelete