Friday, August 21, 2020

പൂ മൊഴി

 പൂ മൊഴി 

തുമ്പപ്പൂവൊന്നിന്ന് മിഴി തുറന്നു
ഓണമായെന്നുള്ളൊരോർമയോടെ 
മുക്കുറ്റിപ്പൂക്കളെ കണ്ടു ചാരെ 
ചുറ്റിലും മഞ്ഞ വിരിച്ച പോലെ 

ചോദ്യമൊന്നാ പൂവിനുള്ളിൽ നിന്നും 
വെൺമയോടൊപ്പമാ കാറ്റിൽ ചേർന്നു

നിങ്ങളെയാരുമെറുത്തെടുത്ത് 
ചേമ്പിലതന്നിലടക്കിവച്ച് 
കുട്ടികൾ തീർക്കുമാ പൂക്കളത്തിൽ
വെറുമൊരു മഞ്ഞയായ് തീർത്തതില്ലേ  

പൊഴിയുവാറായൊരു പൂവു മെല്ലെ 
പുഞ്ചിരി തൂകി തിരിച്ചു ചൊല്ലി 

ഈ വർഷമറിയില്ല  കൂട്ടുകാരാ 
ആരുമേ വന്നില്ല പൂവിറുക്കാൻ

പൂമണമെയ്യുമ്പോൾ 
എത്തുന്ന വണ്ടിനു 
നറുതേൻ പകരുന്നു ഞങ്ങളിപ്പോൾ

ഇവിടെ പിറക്കുന്നു 
ഉറ്റോരെയറിയുന്നു 
കാറ്റിൽ കളിക്കുന്നു 
ഇവിടെ പൊഴിയുന്നു ഞങ്ങളിപ്പോൾ

ഈ വർഷമറിയില്ല  കൂട്ടുകാരാ 
ആരുമേ വന്നില്ല പൂവിറുക്കാൻ

No comments:

Post a Comment