Monday, June 10, 2019

സുഭാഷ് ചന്ദ്രൻ, ആമുഖം വേണ്ടാത്ത മനുഷ്യൻ

സുഭാഷ് ചന്ദ്രൻ, ആമുഖം വേണ്ടാത്ത മനുഷ്യൻ

2019 May 19, Sunday

ആദ്യമായി സുഭാഷ് ചന്ദ്രന് ആദരപൂർവം ഒരു നമസ്കാരം., തന്നെ കുറിച്ചുള്ള ആമുഖ പ്രസംഗങ്ങൾ വേണ്ടെന്നു പറഞ്ഞ്, രാമന്തളി അവർകളുടെ ഒരു ചെറിയ സ്വാഗത പ്രസംഗത്തിനു മാത്രം വഴങ്ങി, മുഴുവൻ സമയവും വായനക്കാരുമായി സംവദിച്ചതിന് .

കൈരളീ നിലയം വിദ്യാലയത്തിലെ വലിയ അങ്കണം ഞങ്ങളെ കണ്ട് സ്വാഗതം ചെയ്യുമ്പോൾ അല്പം ആശങ്കപ്പെട്ടിരുന്നോ എന്ന് സംശയം. എല്ലാവരും വിദ്യാർത്ഥികളെ പോലെ മണിയടിക്കും മുമ്പ് എത്തുമെന്ന് അത് കരുതിയിരിക്കണം. വലതു വശത്തെ വരാന്തയിൽ പ്രത്യക്ഷപ്പെട്ട സംഘാടകരിൽ ഒരാൾ ഇടതുവശത്തേക്ക് ചൂണ്ടിക്കാട്ടി  ഒന്നാം നിലയിലേക്ക് വഴി കാണിച്ചു.

വേനലവധി ആയതു കൊണ്ട് ഉറങ്ങി കിടന്ന കോണിപ്പടികൾ ഞങ്ങളുടെ ചവിട്ടേറ് ഞെട്ടിയുണർന്ന് അന്ധാളിച്ച് പൊടിപടലമുയർത്തി. ഒന്നാം നിലയിലെ ആദ്യ പഠന മുറിയിലെ മേശകളിൽ നിന്നും കസേരകളിൽ നിന്നും പുതുതായി അടിച്ച പച്ച ചായം രൂക്ഷമായ മണം കൊണ്ട് കുട്ടിക്കാലവികൃതികളുടെ ഓർമകളെ വരിഞ്ഞു കെട്ടി. കുറുമ്പ് കാട്ടിയതിന് പുറത്താക്കപ്പെട്ട രണ്ടു മേശകൾ വരാന്തയിൽ മലർന്ന് കിടന്ന് കാലിൽ പറ്റിയ പുതിയ ചായം ഉണക്കുന്നുണ്ടായിരുന്നു.

ആ പഴയ പഠനമുറിയിൽ സുഭാഷ് ചന്ദ്രൻ വരാൻ വേണ്ടി കാത്തിരിക്കുമ്പോൾ, പണ്ടെന്നോ ഗൃഹപാഠം ചെയാതെ വന്ന ദിവസത്തെപോലെ എന്തുകൊണ്ടോ മനസ്സ് അസ്വസ്‌ഥമായി.  കുറച്ച് കഴിഞ്ഞ് സകുടുംബം അദ്ദേഹം വന്നെത്തി.

















പുതിയ നോവൽ ആയ സമുദ്രശിലയെ കുറിച്ച് കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. വളരെ സരസമായി ഗൗരവമേറിയ സാമൂഹിക വിഷയങ്ങൾ അവതരിപ്പിച്ച് നല്ലൊരു പ്രഭാഷകൻ ആണ് താനെന്ന് അദ്ദേഹം തെളിയിച്ചു. അംമ്പയെകുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ ചെറിയൊരാശങ്ക തോന്നി. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം വായിച്ചത് മുതൽ അമ്പയെ കുറിച്ചെഴുതണമെന്ന ചെറിയൊരുമോഹം ഉള്ളിൽ വച്ച് നടക്കുന്ന ഒരാളാണ് ഞാൻ. ഇനിയിപ്പോ ഇങ്ങേരു കൈവച്ചാൽ പിന്നെ ബാക്കി എന്തെഴുതാൻ . അതേസമയം സന്തോഷവും തോന്നി. ആദ്യനോവലിൽ (മനുഷ്യന് ഒരു ആമുഖം: My blog about this novel) പറയുന്ന പോലെ ആരെഴുതി എന്നതിലല്ലോ കാര്യം.




അവസാനം സമുദ്രശിലയുടെ കുറച്ച് പുസ്തകങ്ങൾ ഒപ്പിട്ടു വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. ഞാനും ഒന്ന് തരപ്പെടുത്തി. ഒപ്പിടുമ്പോൾ ആദ്യ നോവലിൽ നിന്നും "'പൂർണ്ണ വളർച്ചയെത്താതെ മരിച്ചുപോകുന്ന ഒരു ജീവിയാണ് മനുഷ്യൻ " എന്ന ആശയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒപ്പിനു പകരം തെറ്റി "പൂർണ്ണ വളർച്ചയെത്താൻ " എന്നെഴുതി.

ഈ കുറിപ്പും പൂർണ്ണ വളർച്ചയെത്തിയിട്ടില്ല എന്നറിയാമെങ്കിലും നിർത്തുന്നു .








6 comments:

  1. നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി

      Delete
  2. നന്നായി എഴുതി

    ReplyDelete
  3. ആമുഖങ്ങൾ വേണ്ടാത്ത ഒരു മനുഷ്യനെക്കുറിച്ച് മനോഹരമായി എഴുതി... :-)

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി

      Delete