Tuesday, November 29, 2022

സമയം

നിങ്ങളറിയുന്നുവോ, ഞാനൊരു വരിയിൽ നിർത്തുന്നത്  നിങ്ങളുടെ സമയം അധികം അപഹരിക്കാതിരിക്കാനെന്ന്

Monday, November 14, 2022

ഉയരം

നട്ടുച്ചയോട് എനിക്ക് പിണക്കമാണ്
എന്റെ നിഴലിനെ ഇങ്ങനെ കുറുക്കിയില്ലെ?

Sunday, November 6, 2022

സവിശേഷത

സവിശേഷത 

ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്
ഇന്നത്തെ പുലരിക്ക് എന്തോ സവിശേഷതയുണ്ട്.

സൂര്യനുദിച്ചത് കിഴക്കു തന്നെയല്ലെയെന്ന് 
പടിഞ്ഞാട്ട് നോക്കി ഉറപ്പുവരുത്തി

അന്താരാഷ്ട്ര ഗൂഢാലോചന ഭയന്ന്
പത്രങ്ങളെല്ലാം പരതി

ബഹുരാഷ്ട്ര കുത്തക കടന്നുകയറ്റമാണോയെന്ന്
ജാലകം തുറന്ന് നിരീക്ഷിച്ചു

അന്യഗ്രഹ ജീവികൾ ദൂരദർശനിൽ
സംപ്രേഷണം എറ്റെടുത്തോ എന്ന് നോക്കി

ഒന്നുമില്ല
പിന്നെന്താണ് ഇങ്ങനെ

പെട്ടന്ന് കണ്ഠനാളത്തിൽ ഒരു കിരുകിരുപ്പ്
ഹാച്ഛീ.... ശക്തമായി തുമ്മി
കൃത്യം ആറുവട്ടം

ഹൊ സമാധാനമായി
ഇന്നത്തെ ദിവസവും സാധാരണം തന്നെ

Monday, October 31, 2022

കൃത്രിമകൃതി

കൃത്രിമകൃതി

വർണസമൃദ്ധമായ ഒരു അസ്തമയാകാശം
ഞാൻ ഇറക്കുമതി ചെയ്തു

വലയായ വലയെല്ലാം തിരഞ്ഞ് ഒരു ചെറുകിളിയെ 
ഞാനതിൽ പിടിച്ചിട്ടു

ആരോ പങ്കു വച്ച ഒരു ചുവന്ന ഹൃദയം
ഞാനതിൽ ഒട്ടിച്ചു വച്ചു

അക്ഷരത്തെറ്റ് ഭയന്ന്, പകർപ്പെടുത്ത ആശംസാ സന്ദേശം
ഹൃദയത്തോട് പൊരുത്തപ്പെടുത്തി വച്ചു

അരികുകളിൽ പുഴയുടെ നീലിമ നിറച്ച്
അതിരുകൾ അടയാളപ്പെടുത്തി

അങ്ങനെ,
ചതുരാകാശവും,
പറക്കാക്കിളിയും,
തുടിക്കാഹൃദയവും,
ജീവനില്ലാവാക്കുകളും,
ഒഴുകാപ്പുഴയും
എന്റെ കൃത്രിമകൃതിയിൽ നിറഞ്ഞു
അത് മാലോകർക്കിതാ പങ്ക് വെയ്ക്കുന്നു
ഇഷ്ടക്കണക്കെടുക്കാൻ ഞാൻ കാത്തിരിക്കുന്നു.

Monday, October 17, 2022

കുത്തുകൾ

കുത്തുകൾ യോജിപ്പിക്കുക
കുട്ടി
ബാലമംഗളം
തൂലിക
ഒന്ന്
രണ്ട്
മൂന്ന്
ചിത്രം
ഡിങ്കൻ

മനുഷ്യൻ
അഹന്ത
അധികാരം
ആർത്തി
പക
കത്തി
കുത്ത്
ഒന്ന്
രണ്ട്
മൂന്ന്
കുത്തുകൾ യോജിപ്പിക്കാതിരിക്കുക

വെളിച്ചം തേടി

വെളിച്ചം തേടി പറന്നു
തീയിൽ വീണു
കരിയുന്ന പാറ്റകളിൽ
ഒന്നെങ്കിലും
ആത്മഹത്യ ചെയ്യുന്നതാകുമോ !!!

Saturday, October 8, 2022

കുസൃതി ചോദ്യം

ഒരു കിലോ നന്മക്കാണോ
ഒരു കിലോ തിന്മക്കാണോ
ഭാരക്കൂടുതൽ ?
ചോദ്യം കുസൃതിയാണെങ്കിലും
ഉത്തരം സങ്കീർണമായിരുന്നു
നന്മയും തിന്മയും തമ്മിലുള്ള പാരസ്പര്യം
തികച്ചും അശാസ്ത്രീയമായിരുന്നു
ഒരു തട്ടിൽ ഒരു കിലോ തിന്മകൾ നിറച്ചിട്ടും
മുന്തിയവ പിന്നെയും ബാക്കിയായിരുന്നു
ആ തട്ട് പാതാളത്തിലേക്ക് താഴ്ന്ന് പോയി
മറുതട്ടിനെ സ്വർഗത്തിൽ നിന്നിറക്കാൻ
നന്മകൾ തേടി ആദ്യം തലയിലും
പിന്നെ മൂന്നുലകങ്ങളിലും തിരഞ്ഞു
ഒടുവിൽ ശങ്കയകന്നു
ചോദ്യം കുസൃതി തന്നെ

Sunday, August 7, 2022

കത്ത്

കത്ത്

കാലമേ നീ മറക്കാതെനിക്കൊരു
കത്തയക്കുക നാലു വരികളിൽ

ഒന്ന്
ഇന്ന്  നോവും മുറിവുകളൊക്കെയും
നാളെ കണ്ട് ചിരിക്കും വടുക്കളോ?

രണ്ട്
ഇന്ന് പൊട്ടിച്ചിരിക്കും വികൃതികൾ
നാളെ വേട്ടയാടുന്ന കിനാക്കളോ?

മൂന്ന്
ഇന്ന് കാണും പൂങ്കിനാവൊക്കെയും
നാളെ കൊഴിയുമോ കനികൾ നൽകീടുമോ

നാല്
ഇന്ന് തോന്നും കവിതകളൊക്കെയും
നാളെ മായുമോ അക്ഷരമാകുമോ

കാലമേ നീ മറക്കാതെനിക്കൊരു
കത്തയക്കുക നാലു വരികളിൽ

Tuesday, June 28, 2022

അതാ ഒരു മനുഷ്യൻ

അതാ ഒരു മനുഷൻ
അത് അയാളല്ല
അയാൾ അയാളെ ഓർക്കുന്നവരിലാണ്

അതാ ഒരു മനുഷ്യൻ
അയാൾ നന്മയോ തിന്മയോ
അയാൾ എന്നോട് തിന്മ ചെയ്തോ
ആയിരങ്ങളോട് നന്മ ചെയ്തോ
അയാൾ ഇന്ന് ചെയ്തത്
നാളെ നന്മയോ തിന്മയോ
ഒന്നുമറിയില്ലെങ്കിലും
അളക്കുന്ന ഞാൻ നന്മയോ തിന്മയോ

അതാ ഒരു മനുഷ്യൻ
ഓർമകളിൽ നടക്കുന്നു
ആരുടെയോ ഓർമകളിൽ
അയാളും നടക്കുന്നു
ഇതിൽ ആരാണ് സൃഷ്ടി 
ആരാണ് സ്യഷ്ടാവ്
എനിക്കോർമയില്ല


Saturday, June 25, 2022

ഋണ വെട്ടം

ഋണ വെട്ടം

സ്വപ്നത്തിൽ നിന്നുണർപ്പോൾ
മുറ്റത്തൊരു ചിമ്മിണി വിളക്ക്
തോരാത്ത മഴയിലും
തെളിഞ്ഞു കത്തുന്നു
പകൽ വെളിച്ചത്തിൽ
അതിന്റെ തെളിച്ചം
കറുപ്പായി ചുറ്റും പടരുന്നു

Saturday, May 21, 2022

ബാഹ്യാസ്ഥി (Exoskeleton)

ബാഹ്യാസ്ഥി 


ചിലന്തി - അസ്ഥിയെ പുറത്താക്കിയ ജീവി
അഹന്തയെ അകത്താക്കിയവർ അതിനെ വെറുത്തു  

ജീവനൂൽ പൊട്ടിപ്പോയെങ്കിലും
ജാലകക്കമ്പിയിൽ ഒട്ടിച്ച ജഠരനൂലിൽ
ഒരു ബാഹ്യാസ്ഥിക്കൂടം തൂങ്ങിക്കിടന്നു

അരികെ പറന്ന ഒരു ചെറു പ്രാണി 
ഭൂതകാല ഓർമയുടെ ഭയത്തിൽ
ഞെട്ടിത്തിരിഞ്ഞു  പറന്നു പോയി 
സ്വന്തം ഭാരമില്ലായ്മയിൽ നൊന്ത് 
ബാഹ്യാസ്ഥിയപ്പോൾ വട്ടം തിരിഞ്ഞു

തൊലിയിലെ ചായങ്ങളും
ചമയങ്ങളും കട്ടപിടിച്ചവർ
ഉൾക്കാമ്പ് നഷ്ടപ്പെട്ടവർ
പൊങ്ങച്ച നൂലുകളിൽ തൂങ്ങി
ഭാരമില്ലായ്മ സ്വയം വിളമ്പരം ചെയ്തു 

ഒരുനാൾ ഗർവോടെ കെട്ടിയ വല
മിന്നിത്തിളങ്ങുന്ന നൂലുകൾ
തനിക്കുമാത്രം അറിയുന്ന രഹസ്യവഴികൾ
വലയിൽ വീഴും ചെറുപ്രാണികൾ 
എല്ലാം വലിയൊരു വലയിൽ വീഴും വരെ 

പഞ്ചഭൂതങ്ങളിൽ ലയിക്കാൻ വിസമ്മതിച്ച്‌
ഈ ബാഹ്യാസ്ഥി മാത്രം കുറച്ച്നാൾ കൂടി 

ചിലന്തി - അസ്ഥിയെ പുറത്താക്കിയ ജീവി
അഹന്തയെ അകത്താക്കിയവർ അതിനെ വെറുത്തു



Thursday, April 28, 2022

ആത്മ രോഗം

ആത്മ രോഗം


പനിയില്ല ചുമ ഇല്ല കൈകാൽ കഴപ്പില്ല, തൊണ്ടയിൽ ഇല്ലൊരു വാക്കു പോലും

എന്നിട്ടുമെന്തിനോ ചെന്ന പാടേ, ഉയരമളന്ന് കുറിച്ചുവച്ചു, ഭാരമളന്നതിൽ ചേർത്തുവച്ചു

ശീതികരിച്ച മുറിയുടെ വാതിലിൽ പേരുണ്ട്, പേരിന്നു മുന്നിലും പിന്നിലും വാലുമുണ്ട് 

കൈകളിൽ കിട്ടിയ യന്ത്രങ്ങളൊക്കെയെൻ, ദേഹത്തിനുള്ളിലും വെളിയിലും വച്ച് നോക്കി

ഗൗരവമെന്നെ ചുഴിഞ്ഞു നോക്കി പിന്നെ സഹതാപമോടെ പറഞ്ഞിങ്ങനെ 

രണ്ടു ദിവസം കഴിഞ്ഞു വരൂ നിന്റെ പ്രശ്നങ്ങളൊക്കെയും തീർത്തു തരാം

രണ്ടു ദിനങ്ങൾക്ക് ശേഷമവിടെത്തി വാതിൽ തുറന്നു ഞാൻ അമ്പരന്നു

ശൂന്യമാണാ മുറി നടുവിലായുണ്ടൊരു മാമുനി താടി തടവിടുന്നു 

അറിയുന്നു ഞാൻ നിന്റെ രോഗം, മകനേ നിനക്കാത്മ രോഗം

മാനവർ കരയുന്ന ശബ്ദങ്ങളൊക്കെയും ചെവികളിൽ കേൾക്കുന്നുവല്ലേ

മകനേ നിനക്കാത്മ രോഗം 

ഞെട്ടറ്റു  വീഴുന്നൊരിലയുടെ ശബ്ദവും ഭീകരമാകുന്നുവല്ലേ

മകനേ നിനക്കാത്മ രോഗം 

പാടുന്ന കിളിയുടെ സങ്കടമൊക്കെയുംഹൃദയം തുളക്കുന്നുവല്ലെ

മകനേ നിനക്കാത്മ രോഗം 

മറുമരുന്നെഴുതാനെഴുത്താണി നോക്കവേ, മുറിയാകെ പെട്ടെന്നു മാറി

മേശയ്ക്കു പുറകിലായ് ഗൗരവ മുഖമുണ്ട്, കൈകളിൽ കടലാസു കെട്ടുമുണ്ട്

എന്താണെന്നറിയില്ല പിന്തിരിഞ്ഞോടി ഞാൻ, ചുറ്റിലും ആളുകൾ കണ്മിഴിക്കെ


Tuesday, April 12, 2022

പ്രകൃതി ഒരു വന്യ മരം

പ്രകൃതി ഒരു വന്യ മരം   


അതിരറ്റ മോഹങ്ങളില്ലാ 
തെന്നലിനിന്നീണത്തിലാടാൻ
പുതു തെന്നലതിൽനിന്നുമുണരാൻ 
സൂര്യ സ്നേഹത്തെയേറ്റിങ്ങ് വാങ്ങാൻ 
മരമെന്നെ മുകളിലെത്തിച്ചു 

മെല്ലെയെൻ ഹരിതാഭ വറ്റുന്നു വരളുന്നു 
എൻ ഭൂതകാലം ചിരിക്കുന്നു ചുറ്റിലും 

കർമ ശേഷമീ ഭൂമിയിൽ ഞെട്ടറ്റു വീഴവേ 
കർമ നിരതനായ് നിൽക്കുമാ വൻമരം കണ്ടു ഞാൻ 

വളമായൊരെന്നെയാ വേരുകൾ തഴുകവേ 
വൻമരം നില്പതാ നിശ്ചലം നിർവികാരം 

വൻമരം നില്പതാ നിശ്ചലം നിർവികാരം

Thursday, March 24, 2022

ഓർമക്കിളികൾ

ഓർമക്കിളികൾ

പിന്നിലായ വഴികളിൽ
പിന്തിരിഞ്ഞു നോക്കവെ
കൊച്ചു കിളികളവിടെയതാ
പലനിറത്തിൽ പലതരത്തിൽ
ഓടിയടുത്തെത്തവെ
പാറിയകലേക്കവ
മാഞ്ഞു മാഞ്ഞു പോയിടുന്നു
നീലവാനിലലിയുവാൻ

"ഓടിയടുക്കുമ്പോൾ 
പാറിയകലുന്ന ഓർമക്കിളികൾ"

അവിടെയൊരു കിളിയതാ
സ്വപ്ന ലോകത്തങ്ങനെ
ഒച്ചയില്ലനക്കവും
പതിയെ ഞാനടുക്കവെ
പതിയെയകലുന്നത്
മായയെന്ന പോലവെ

"വരും കാലം സ്വപ്നം കണ്ടിരിക്കുന്ന 
ഒരു ഓർമക്കിളി"

ചിറകൊടിഞ്ഞൊരു കിളിയതാ
എന്നെ കാൺകെ പേടിയോടെ
വഴിയരികിലൊതുങ്ങിടുന്നു
മെല്ലെയരികിലെത്തി ഞാൻ
അതിനെ കയ്യിലാക്കവെ
ഓർമവിട്ടുണർന്നു ഞാൻ
അതിശയമപ്പോഴതാ
ഒരു കിളിയെൻ കയ്യിൽനിന്ന്
ചിറകടിച്ച് ചിറകടിച്ച്
വാനിലേക്കുയർന്ന്പോയ്

Sunday, January 23, 2022

കാറ്റ്

കാറ്റ്

ഒരു ചെറുമരം ഓർമകളിൽ നിന്നുണർന്ന് ഇലകളനക്കി
ഒരിളം കാറ്റ് പിറന്ന് അതിന്റെ യാത്രയാരംഭിച്ചു
പഴയൊരു പുഴയിൽ തൊട്ടപ്പോൾ കുഞ്ഞോളങ്ങളായി
കണ്ണുതുറന്ന് ഉറങ്ങിയിരുന്ന ഒരു മീൻ കൂട്ടം വാലാട്ടി കയർത്തു
ഒരാൾ അതു കണ്ട് പുഴയിൽ വലയെറിഞ്ഞു
വലയിൽ കുടുങ്ങിയ മീനുകളെ കാറ്റ് സങ്കടത്തോടെ തഴുകി
തിരിച്ചെത്തിയ കാറ്റിനെ മരം ശകാരിച്ചു
കാറ്റ് മൂകമായി മരത്തിന്റെ ഓർമയിൽ ലയിച്ചു.

രേഖകൾ

രേഖകൾ

രേഖകൾ ചിലത് അങ്ങനെയാണ്
വളഞ്ഞ്
പരസ്പരം മുറിഞ്ഞ്

പഴയവർ പറഞ്ഞു
ജനനം മുതൽ 
മരണം വരെയുള്ള
രേഖയാണ് ജീവിതം

പുതിയവർ പറഞ്ഞു
ജനനത്തിനും
മരണത്തിനും
രേഖകൾ വേണം
അതിനിടയിലും

നേരല്ലാത്ത രേഖകൾ
രേഖയില്ലാത്ത പണം കൊണ്ട്
ജീവിത രേഖയെ ഋജുവാക്കി
 
രേഖകൾ ഇല്ലാതെ
പേരറുക്കപ്പെട്ടവൻ
വേരറുക്കപ്പെട്ടവൻ
ഒരു മുഴം കയറിന്റെ
ലംബമായ രേഖയുണ്ടാക്കാൻ
അതിന്റെ അന്ത്യബിന്ദുവായി

- മധു
  Madhu Raghavan Karanath