Saturday, February 22, 2020

പത്ര ഭയം

പത്ര ഭയം



വായിച്ചു തീർന്ന് വാർത്തകൾ വറ്റി
ഇരിപ്പിടങ്ങളായ പഴയ പത്രങ്ങൾ
നാടകം കഴിഞ്ഞപ്പോൾ
പൂരപ്പറമ്പിൽ ചിതറിക്കിടന്നു

മരിച്ചുപോയ മരങ്ങളുടെ
ചതഞ്ഞ്‌ പരന്ന ആത്മാക്കൾ
തലങ്ങും വിലങ്ങും
കിടക്കുന്ന ഒരു പത്രത്താളിലെ
ചെറിയ ചതുരങ്ങളിലിരുന്ന്
മരിച്ചു പോയവർ
മരിക്കാനിരിക്കുന്നവരെ
അനക്കമില്ലാതെ നോക്കി

ചതഞ്ഞരഞ്ഞ വാർത്തകളൂമായി
വതിലിൽ ആഞ്ഞിടിച്ച്‌
കോലായിൽ വന്നു വീണ പത്രം
പിടയാതെ മരിച്ചു

Sunday, February 16, 2020

Balloon










അകത്ത് വായു നിറച്ച്
നിങ്ങളെന്നെ
കടുത്ത സമ്മർദ്ദത്തിലാക്കി

എന്നിട്ട് നൂലുകെട്ടി
പഴുതടച്ച്
തട്ടിക്കളിച്ച്
ആഹ്ളാദിച്ചു

ആകാശത്തിൽ
നിറയാൻ കൊതിച്ച്
അകത്ത് വായു
വിപ്ലവം തുടങ്ങി

ആരോ ഉണ്ടാക്കിയ
സൂചിപ്പഴുതിലൂടെ
പണ്ട് ഒന്നായിരുന്നവർ
ആർത്തട്ടഹസിച്ച്
വീണ്ടും ഒന്നായി

അതുകണ്ട്
ചിലർ ചിരിച്ചു
ചിലർ കരഞ്ഞു

ശേഷിപ്പുകൾ
പലയിടത്തായി
ചിതറിവീണ് ഞാൻ ഒരു
പ്രകൃതി ദുരന്തമായി

                       - ബലൂൺ