Wednesday, February 17, 2010
മകരം 30, ഉത്രാടം 1185 (ഈ വര്‍ഷത്തെ ശിവരാത്രി)
മകരം 30, ഉത്രാടം 1185 (ഈ വര്‍ഷത്തെ ശിവരാത്രി). ആലുവ മണപ്പുറവും, മറുകരയില്‍ ആശ്രമവും ബലി കര്‍മങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. വഴിയോരത്തും ആശ്രമ മുറ്റത്തും ആളുകള്‍ 12 മണിയാവാന്‍ ഇരുന്നും കിടന്നും നടന്നും നേരം കളഞ്ഞു. ആശ്രമക്കടവിന്‍ പടികളിരിന്നു ചിലര്‍ ആലുവപ്പുഴയുടെ ഇരുട്ടിലേക്ക് നോക്കി പൂര്‍വികരെ സ്മരിച്ചു. അകലെ മറു തീരത്ത്, പ്രസിദ്ധമായ ആലുവ മണപ്പുറത്ത്, ആളുകള്‍ തിങ്ങി നിറഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷമായി മോക്ഷം കാത്തു കിടന്ന പൊടിപടലങ്ങള്‍ ആരവത്തോടെ ആകാശത്തേക്കുയര്‍ന്നു പൂര്‍വിക സ്മൃതി പോലെ മൌനത്തിന്‍റെ ഒരാവരണം സൃഷ്ട്ടിച്ചു. അവിടെ സ്ഥാപിച്ചിട്ടുള്ള ശക്തിയേറിയ വൈദ്യുത വിളക്കുകള്‍ വെള്ളയുടെ വകഭേദങ്ങള്‍ ആകാശത്ത് നിറച്ചു. ഓരോ വെളിച്ചക്കൂട്ടിനെയും വലിച്ചുനീട്ടി ആലുവാപ്പുഴ അതിന്‍റെ ഓളങ്ങളില്‍ വെട്ടിത്തിളങ്ങുന്ന സൌന്ദര്യമായി പ്രതിഫലിപ്പിച്ചു. മണപ്പുറത്ത് നിന്നും ആശ്രമത്തിലേക്കു നിര്‍മ്മിച്ചിട്ടുള്ള താല്‍ക്കാലിക പാലത്തില്‍ ആളുകള്‍ ഉലാത്തികൊണ്ടിരുന്നു. പൂര്‍വികരെ ഊട്ടാന്‍ പുഴയില്‍ മുങ്ങി ഈറനോടെ ബലിയിടാന്‍ തയ്യാറാകുന്നവരില്‍ പ്രായമൊരുപാടുള്ളവര്‍ കൂട്ട് വന്നവരെ നോക്കി ഈ നദിയില്‍ നീന്തിതുടിക്കുന്ന മത്സ്യങ്ങളെ വരും വര്‍ഷങ്ങളില്‍ മറക്കരുതെന്ന് പറയാതെ പറഞ്ഞു. ഒരു ചെറിയ കുട്ടി ദേഹത്തു നനഞ്ഞ തോര്‍ത്തും, കയ്യില്‍ ബലി സാധനങ്ങളും, കണ്ണില്‍ അമ്പരപ്പുമായി ചുറ്റും നോക്കി. അവന്‍റെ അമ്മ തന്‍റെ കൈ മാത്രം ഈ ഭൂമിയില്‍, അവന്‍റെ തോളില്‍, ശേഷിപ്പിച്ചു അനന്തതയിലേക്ക് നോക്കി നിന്നു. അവന്‍റെ അപ്പൂപ്പനെന്നു തോന്നുന്നോരാള്‍ ക്ഷീണം ഒളിപ്പിച്ച, ജാഗ്രത നിറഞ്ഞ കണ്ണുകളോടെ അവരുടെ പുറകില്‍ നിന്നും അവനു നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജലപ്പരപ്പില്‍ തിങ്ങിക്കൂടിയ മീനുകളില്‍ ഒന്നിന്‍റെ നെടുവീര്‍പ്പ് പുതിയോരോളമായ് ആലുവാപ്പുഴയില്‍ ലയിച്ചു.
Subscribe to:
Post Comments (Atom)
nalla aasayam...
ReplyDeleteMazhamekasandEshangaLkku nandri
ReplyDelete