Thursday, May 14, 2026

കറിമുറിക്കോഴി

കറിമുറിക്കോഴി

രണ്ട് കാലിൽ നടന്നത് കൊണ്ട്
അപൂർണമായ തലച്ചോറുമായി ജനിക്കുകയും
തദ്വാര കേമന്മാരാകുകയും ചെയ്ത
മനുഷ്യകുലത്തിൽപ്പെട്ട ഒരുവൻ,
രണ്ട് കാലിൽ നടന്നിട്ടും,
മുട്ടയിടുന്നത് കൊണ്ട്,
വെറും മനുഷ്യഭക്ഷണമായി പരിണമിച്ച
കോഴിയെ വാങ്ങാൻ കടയിലെത്തി

അടുക്കിവെച്ച ചതുരക്കൂടുകളും,
സമീപത്തെ കെട്ടിട സമുച്ചയവും,
അതിലെ പലനിലകളിൽ വസിച്ച് 
അഷ്‌ടിക്ക് വക തേടുന്നവരും,
ഒരു ഉൽപ്രേക്ഷാലങ്കാര പ്രതീതിയുണ്ടാക്കിയെങ്കിലും,
ചതുരത്തിൽ 
വൃത്തമൊക്കാത്തത് കൊണ്ട്,
കവിയൊന്ന് നിശ്വസിച്ചു

തൂക്കവും പറഞ്ഞ് 
പുത്തൻ വേണമെന്ന് 
കട്ടായവും പറഞ്ഞപ്പോൾ
കടക്കാരൻ കൂട്ടിൽ കയ്യിട്ട് 
ഒരു കോഴിയെ പിടിച്ച് 
തുലാസിൽ വച്ചു
തെല്ലൊന്നമ്പരന്ന കോഴി
വിധിയഗീകരിച്ചപോലെ നിശബ്ദമായി
കൂട്ടിലുണ്ടായ അവതാളവും 
പെട്ടെന്ന് തന്നെ ഒതുങ്ങി

തൂക്കം തികഞ്ഞില്ലെന്ന് 
അമർഷത്തോടെ പറഞ്ഞ്,
തൻ്റെ നൈപുണ്യക്ഷതത്തിൽ 
തെല്ല് ജാള്യതയോടെ കടക്കാരൻ 
ആ കോഴിയെ തിരികെവിട്ട്
മറ്റൊരു കോഴിയെ പിടിച്ചു

കെട്ടിട സമുച്ചയത്തിലെ 
ഒരു ചതുരം വെളിച്ചപ്പെടുന്നതും
മറ്റൊന്ന് ഇരുളിൽ മായുന്നതും
അലസമായി നോക്കി
ദ്വിദീയാക്ഷരപ്രാസത്തിൽ 
അയാൾ പറഞ്ഞു
കറിക്കായി മുറിക്കണം ചെറുതായി

ആ കോഴിയാകട്ടെ
ജീവൻ തിരികെ കിട്ടിയതിൻ്റെ പ്രാധാന്ന്യമറിയാഞ്ഞോ
എല്ലാമറിഞ്ഞതുകൊണ്ടോ
ഒട്ടും ഭാവഭേദമില്ലാതെ 
ഇല്ലാത്ത മണ്ണിൽ 
ചിക്കിപ്പെറുക്കി
പുഴുവെന്ന് നടിച്ച്
കോഴിത്തീറ്റ തിന്നു തുടങ്ങി

Saturday, November 29, 2025

കനം

കനമുള്ള ഒരു കവിതയെഴുതണം
ആശാൻ പറഞ്ഞു

ഒരൊന്നൊന്നര കിലോയെങ്കിലും വേണം
ഞാൻ കരുതി
കനമുള്ള കവിതകളെല്ലാം തേടി
പഴയത് പുതിയത് ഉത്തരാധുനികം 
എല്ലാത്തിൽ നിന്നും മുറിച്ചെടുത്തു
കൂട്ടിച്ചേർത്ത് വലിച്ച് നീട്ടി

ഒട്ടും കനമില്ല, 
വെറും അക്ഷരക്കൂമ്പാരം
ആശാൻ പറഞ്ഞു

അറിവില്ലായ്മയും അഹന്തയും വെട്ടിനീക്കി
നന്നായി,
കനമില്ലായ്മ അൽപം കുറഞ്ഞു
ആശാൻ പറഞ്ഞു

സമ്മാനം വേണം 
നാലാള് പുകഴ്ത്തണം
കേമൻമാർ ഉപദേശിച്ചു
ഒഴുക്കു വേണം
പുഴുക്കുണ്ടെങ്കിൽ നന്നായി 
തിന്നേം ചെയ്യാം
നാലു കുത്തും അഞ്ച് കോമയും വേണം
രണ്ട് ചാ യും മൂന്ന് പാ യും വേണം
വിരിച്ച് കിടക്കേം ചെയ്യാം
ഒടുക്ക വരികൾ നന്മമരമാകണം
മുറിച്ച് വിക്കേം ചെയ്യാം

ആശാൻ പറഞ്ഞു
ഇപ്പൊ കുളമായി
കുളിച്ച് ശുദ്ധിയാവേം ചെയ്യാം!

Sunday, July 6, 2025

പതിവ് മറവി

പതിവിടത്തേക്ക്
പതിവ് പോലെ
പതിവ് സമയത്ത്
പതിയെ നടക്കുമ്പോൾ
ചിന്താപദ്ധതികൾ
രണ്ടായി പിളർന്ന്
ഒരു പകുതി 
മറുപകുതിയോട് ചോദിച്ചു
എന്തോ മറന്നില്ലേ?
ഉടനെ കീശയിൽ
ചതുരസന്തതസഹചാരിയെ
തൊട്ടു നോക്കി 
ഇല്ല ഒന്നും മറന്നില്ല
അല്ല, എന്തോ ഒന്ന്
നടക്കുംതോറും 
കിരുകിരുപ്പേറി വരുന്നു
അതാ വരുന്നു 
പതിവായി കാണുന്നൊരാൾ
കാണാത്തപോലയാൾ കടന്ന് പോയി
പതിവായി കുശലം പറയും മരങ്ങൾ
ആകാശം നോക്കി നിൽക്കുന്നു
ഇലകളും പൂക്കളും ചെടികളും
കൈകൊട്ടി വിളിച്ചിട്ടും 
കേൾക്കാതെ കാറ്റിലാടുന്നു
ഒടുവിലൊരിടത്ത് നിന്നു ഞാൻ
അടുത്തു വന്നൊരു കൂട്ടരോട്
അടുത്തൊരിടത്തേക്ക്
അറിയാത്തപോലെ വഴിചോദിച്ചു
അവരും കേൾക്കാതെ കടന്ന് പോയി
പെട്ടെന്നെനിക്ക് പിടികിട്ടി
എന്താണ് ഞാൻ മറന്നതെന്ന്

എന്താണത്?

സുഹൃത്തെ,
ഈ ചോദ്യം കവിയുടെ പരാജയമാണ്

Wednesday, February 19, 2025

ഒരു ദാർശനിക പ്രശ്നം

കുറച്ച് നാളുകളായി ഒരു ദാർശനിക പ്രശ്നം
രാത്രികളിൽ എന്നെ അലട്ടുന്നു

പകൽ ഇരുൾമാളങ്ങളിൽ ഒളിച്ചിരുന്ന്
പ്രകാശചേതനയെ ഒഴിവാക്കുന്ന ഒരു പ്രശ്നം

അന്ധകാരം നിറഞ്ഞ രാത്രിയുറക്കത്തിൽ
പുറത്തിറങ്ങി പരതിനടക്കുന്ന ഒരു പ്രശ്നം

ഞെട്ടിയുണർന്ന് വെളിച്ചപ്പെടുത്തുമ്പോൾ
അവിടിവിടെ പകച്ച് നിൽക്കുന്ന പ്രശ്നം

പാറ്റയെ തല്ലിക്കൊല്ലുന്നതാണോ 
മരുന്നടിച്ച് കൊല്ലുന്നതാണോ കൂടുതൽ ശരി

എത്ര ചതച്ചാലും അനങ്ങുന്ന ഒരു കാൽ
തലച്ചോറിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും

മരുന്നടിച്ചാൽ അന്തരീക്ഷത്തിൽ പടരുന്ന
പൊള്ളുന്ന മണം ഭയപ്പെടുത്തിക്കൊണ്ടിരിക്കും

ഉത്തരം തേടി ലോകം മുഴുവൻ ഞാൻ
വിരൽതുമ്പിനാൽ തിരഞ്ഞു

നിർമ്മിതബുദ്ധി ചോദ്യത്തിൻ്റെ ഭാവമനുസരിച്ച് തിരിച്ചും മറിച്ചും ഉത്തരം തന്നു

ഒടുവിൽ ചിരകാല സുഹൃത്തുക്കളുടെ സാമൂഹ്യ കൂട്ടായ്മയിൽ ആശങ്ക പങ്ക് വച്ചു

മഹാഭാരതത്തിലെ ധര്‍മച്യുതിയിലേക്കും 
ആഗോളതാപനത്തിലേക്കും ചർച്ചകൾ മുറുകി

വെല്ലുവിളികളും ചെളി വാരിയേറുമായി
പുരാതനമായ ആ കൂട്ടായ്മ പിളർന്നു

അതിൽ ഒരു പകുതി ഒരു പ്രമുഖ ദേശീയരാഷ്ട്രീയ സംഘടനയിൽ ചേർന്നു

മറുപകുതിയാകട്ടെ ഒരു പ്രാദേശിക സംഘടനയെ നിരുപാധികം പിന്തുണച്ചു

പാറ്റയാകട്ടെ കിട്ടിയ സമയം കൊണ്ട് അതിൻ്റെ ജീവനെ ഏതോ പഴുതിലൊളിപ്പിച്ചു

അശാന്തമായ ഉറക്കത്തിലേക്ക് വഴുതി വീണ എൻ്റെ സ്വപ്നത്തിലേക്ക് 
അതിൻ്റെ ആറ് കാലുകൾ ചലിച്ചു തുടങ്ങി

Sunday, February 16, 2025

ഉറക്കം

ആരുടേയോ ഉറക്കത്തിലേക്ക് ഞാൻ വീണുപോയി
മറ്റാരുടേയോ സ്വപ്നത്തിൽ ഞാനുണർന്നു

Monday, August 19, 2024

കടംകഥ ഉത്തരത്തോടെ

കടംകഥ ഉത്തരത്തോടെ

ഓരോരുത്തരും അവർക്കിഷ്ടമുള്ള പേര്
എന്നെ വിളിക്കും
എനിക്കൊരു പ്രശ്നവുമില്ല
അമ്പലമുറ്റത്തും പള്ളിമുറ്റത്തും
എന്നെ കാണാം
ഞാനുണ്ടാക്കിയ അതിരുകളിൽ
ഞാനലഞ്ഞു നടക്കും
ചിലരെന്നെ സ്നേഹിക്കും
തിന്നാൻ തരും
കുടിക്കാൻ തരും
ചിലരെന്നെ വെറുക്കും 
കല്ലെറിയും
ഓടിക്കും
എങ്കിലും ആര് വിളിച്ചാലും
സ്നേഹത്തോടെ അടുത്ത് വരും
വാലാട്ടി
കാരണം
തെരുവ് നായക്ക് അതല്ലെ പറ്റു

Sunday, June 9, 2024

ഞാനാർക്ക്

ഞാനാരെന്നല്ലെൻ ചോദ്യം
ഞാനാർക്കെന്നാണെൻ ചോദ്യം
ഞാനാർക്ക് നല്ലത് ചെയ്തു
ഞാനാർക്ക് ദ്രോഹം ചെയ്തു
ഞാനാർക്ക് ചോറ് കൊടുത്തു
ഞാനാർക്കുടുമുണ്ട് കൊടുത്തു
ഞാനാർക്കെൻ കാഴ്ചകൾ നൽകി
ഞാനാർക്കെൻ കേൾവികൾ നൽകി
ഞാനാർക്ക് താങ്ങായ് തണലായ്
ഞാനാർക്ക് കണ്ണിൽ കരടായ്
ഞാനാർക്കെൻ ചിന്തകൾ നൽകി
ഞാനാർക്കെൻ കവിതകൾ നൽകി
ഞാനാരെന്നറിയണമെങ്കിൽ
ഞാനാർക്കെന്നറിയുകയാദ്യം


Tuesday, May 28, 2024

പ്ലാസ്റ്റിക്

ഒരു മൈന ആ പ്ലാസ്സിക് കടലാസ്
കൊത്തി പറിക്കുകയായിരുന്നു
നിലത്തുരഞ്ഞ് പ്രധിഷേധിച്ച് അത്
ക്ലാ ക്ലാ ക്ലീ ക്ലീ എന്ന് ശബ്ദമുണ്ടാക്കി

തിന്നാനോ സ്വാദില്ല
കാണാനോ നിറമില്ല
കൂട്ടിൽ വക്കാൻ 
ഒട്ടും തന്നെ പതുപ്പുമില്ല
എന്ന് പാടി മൈന പറന്നു പോയി

വിലപ്പെട്ടതെന്തിനേയോ
പണ്ട് പൊതിഞ്ഞു സൂക്ഷിച്ച
ആ പ്ലാസ്റ്റിക് കടലാസ്
ഇനി അനാഥമായി 
ലോകാവസാനം വരെ
ചിരഞ്ജീവിയായി
പാറി നടക്കുമോ

അതോ
തെരുവു നായ്ക്കളോട് പടവെട്ടി
കയ്യിൽ കുന്തവുമായി
ഒരു രക്ഷകൻ അവതരിക്കുമോ?
കുന്തമുനയിൽ തുളഞ്ഞ് നൊന്ത്
തീ ചൂളയിൽ പാപങ്ങളുരുക്കി
പുതിയൊരു രൂപത്തിൽ 
പുനർജനിക്കുമോ

Thursday, April 4, 2024

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

മിക്കവാറും പുലർകാലങ്ങളിൽ എൻ്റെ കാലടികൾ പതിയാൻ ഭാഗ്യമുള്ള വീടിനടുത്തുള്ള ഒരു പാർക്കിലാണ് ഇത് നടന്നത്. ബാഗ്ലൂർ നഗരം പൂന്തോട്ടങ്ങൾക്ക് പ്രസിദ്ധമാണല്ലോ. എല്ലാ പബ്ലിക് പാർക്കിലും സാധാരണയായി ഒരു ചെറിയ മുറിയും അതിൽ നായസ്നേഹിയായ ഒരു തോട്ടക്കാരനും ഉണ്ടാകും. ഈ പാർക്കിലും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. രാവിലെ ചുറ്റി നടന്ന് പാർക്കിൻ്റെ നടപ്പാതകളിൽ നിന്ന് അപഭ്രംശം സംഭവിച്ച് പുൽമേടുകളിൽ കായികാഭ്യാസം നടത്തുന്നവരെ കന്നഡ ഭാഷയിൽ ചീത്ത പറയുന്നുത് ഇവിടെ പതിവ് സംഭവമാണ്. പാർക്കിൻ്റെ പ്രകൃതിദത്തമായ ഹരിതാഭ നിലനിർത്തുന്നതിൽ ആയാൾക്ക് ലഭിക്കുന്ന ശാപവാക്കുകൾ ഒരു വലിയ പങ്ക് വഹിക്കുന്നു. 

വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാരോട് എനിക്ക് ഒരു അസൂയ കലർന്ന ആരാധനയാണ്. യമണ്ടൻ ലെൻസും കാമറയുമൊക്കെ ഇടക്കിടക്ക് ആമസോണിൽ "Windows" ഷോപ്പിങ്ങ് ചെയ്യാറുമുണ്ട്. ഒരുപാട് ക്ഷമയുണ്ടെങ്കിലെ നല്ല ചിത്രങ്ങൾ കിട്ടു. തന്നെയുമല്ല പുലി, പാമ്പ് ഇത്യാദി വന്യമൃഗങ്ങളെ പിൻതുടരാൻ അസാമാന്യ ധൈര്യവും വേണം എന്നാണ് എൻ്റെ ഒരു ധാരണ.

അന്ന് പാർക്കിൽ ഒരാൾ പരിധികൾ ലംഘിച്ച് പുൽപ്രദേശത്ത് കയറി മൊബൈൽ ഫോൺ, തലയോടൊപ്പം ഭൂമിയിൽ ചേർത്ത് എന്തിൻ്റെയോ ചിത്രമെടുക്കുന്നു. അപ്പോൾ നമ്മുടെ തോട്ടക്കാരൻ റോന്തുചുറ്റാൻ വരുന്നത് കണ്ട ഞാൻ ഇപ്പോൾ  ഇവിടെ എന്തെങ്കിലും നടക്കും എന്ന് കരുതി, ഇസ്രായേൽ ഘാസ ആക്രമിക്കുന്നത് അമേരിക്ക കാത്തിരുന്ന പോലെ കാത്തിരുന്നു. 

പ്രതീക്ഷ തെറ്റിയില്ല. കന്നടയിൽ ഭയങ്കരമായ ചീത്ത വിളികളും ഹിന്ദിയിൽ ശാപവാക്കുകളും പെട്ടെന്ന് അന്തരീക്ഷം ഊഷ്മളമാക്കി. കുറെ വയസ്സായ ആൾക്കാർ കൃത്യസമയത്ത് ദിവസവും നടത്തുന്ന പൊട്ടിച്ചിരി വ്യായാമമൊഴിച്ചാൽ പൊതുവെ ശാന്തമായ അവിടെ ഒരു മരക്കൊമ്പിൽ സസുഖം വിശ്രമിച്ചിരുന്ന ചില കിളികൾ എന്തോ ചിലച്ച് പറന്ന് പോയി. 

അയാൾ രാഷ്ട്രഭാഷയിൽ തിരിച്ച് എന്തോ പറയുന്നുണ്ടായിരുന്നു. അതിൽ എനിക്ക് മനസ്സിലായത് ഇത്രയാണ്.
ഹം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി കർ രഹാ ഹെ ഹൈ ഹും....
ബഹുത്ത് മുശ്കിൽ...
ആപ് കോ ക്യാ മാലൂം ....
വൈൽഡ് ലൈഫ്, വൈൽഡ് ലൈഫ്....

അപ്പോൾ തോട്ടക്കാരൻ
ഇല്ലി സ്നേക്ക് നോടിതി, ഉഷാർ, സ്നേക്ക് സ്നേക്ക്

പിന്നീട് ഞാൻ കണ്ടത് അമ്പരന്ന് നിൽക്കുന്ന തോട്ടക്കാരനെയാണ്. മലയാളിയായത് കൊണ്ട് നിന്ന നിൽപിൽ അപ്രത്യക്ഷനാകുന്നതിൽ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല. തന്നെയുമല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജാവ പോലെ സിമ്പിൾ ആണെന്ന് എനിക്ക് അതോടെ മനസ്സിലായി.

Friday, March 22, 2024

ഞാൻ

ഞാൻ

ഈ വെറും ചെറുകണക്കൂട്ടത്തെ
ഞാനെന്നറിഞ്ഞതിൽ
വെറുതെയാർമാദിക്കുമെന്നജ്ഞതേ
നീയറിയുന്നുവോ
എന്നിലിന്നലയും
കണങ്ങളുടെയിന്നലെ
അവയുടെ നാളെയും
നിനവുകളും

ഇന്നലെ മാനത്ത് 
പാറിപ്പറന്നൊരാ
പറവ തൻ പ്രജ്ഞയോ
താഴത്ത് വീഴുന്നൊരവയുടെ കാഷ്ടമോ

പുഴുവിന്റെ തൃഷ്ണയോ
അവ തിന്നുമിലകളുടെ ഹരിതകമോ
അറപ്പിൽ പുളയുമവയുടെ മേനിയിൽ 
വിടരുവാൻ വെമ്പുന്ന ചിറകിന്റെ വർണമോ

മാനത്തൊളിക്കും ജലത്തിൻ കണികയോ
മഴയിൽ നനയുവാൻ, കുതിരുവാൻ
പൊള്ളും  വെയിലത്ത് 
കാത്തിരിക്കുന്നൊരാ
മണ്ണിന്റെ തരികളോ

കാറ്റത്ത് ഞെട്ടറ്റ് വീഴുമിലകളോ
അഴുകുമവയുടെ 
വളമുണ്ണുവാനായ്
മണ്ണിൽ പൊടിക്കുന്ന
ചെറുചെടിക്കൂട്ടമോ

കൂട്ടത്തിലൊരുവനെ
കൊല്ലുന്ന ക്രൂരനോ
ചിന്തുന്ന ചോരയോ
കണാത്ത കൺകളോ
മൗനമോ പേടിയോ

മലകളോ പുഴകളോ
മലയിൽ തപം ചെയ്ത
സന്യാസി വര്യരോ
തപസ്സിൽ പിറന്നൊരു
വേദ മന്ത്രങ്ങളോ

കവിതകൾ പൂവിടും
അജ്ഞാത ലോകത്തിൽ
എന്നോ വിടർന്നൊരീ
പൂവിൻ്റെയിതളുകൾ
കനവിൻ്റെ മുറ്റത്ത്
പൊഴിയും സുഗന്ധമോ

ഈ വെറും ചെറുകണക്കൂട്ടത്തെ
ഞാനെന്നറിഞ്ഞതിൽ
വെറുതെയാർമാദിക്കുമെന്നജ്ഞതേ
നീയറിയുന്നുവോ
എന്നിലിന്നലയും
കണങ്ങളുടെയിന്നലെ
അവയുടെ നാളെയും
നിനവുകളും

Saturday, March 9, 2024

പൊലർച്ച

നേരം പൊലരുമ്പോ
കെഴക്കേപ്പാടത്ത്
തേവരുദിക്കണ്

കതിരുകളുണരണ്
പതിരുകളുണരണ്
കതിരോനെ കാണാനായ്
ഏനുമുണരണ്

കാറ്റിൻ്റെ താളത്തിൽ
കിളികള് പാടണ്
പണ്ടെന്നോ തേവര്
എഴുതിയ പാട്ടുകൾ

മഴയൊന്ന് പെയ്യണ്
പുതുമണ്ണ് നനയണ്
വിത്തുകളുണരണ്
തേവരെ കാണണ്
ഇളമില കൊടയണ്
മനസ്സ് നിറയണ്

ഇക്കേക്കണ പാട്ടെല്ലാം
ഇക്കാണണ കൂത്തെല്ലാം
പണ്ടേ പടച്ചോനേ
ഒരു പാട്ടെനിക്കും നീ
തന്നേക്കണേ

Sunday, January 21, 2024

kavithaaraamam

KAVITHAARAAMAM - A Day to Celebrate the Artistry of Poetry by KUNDALAHALLI KERALA SAMAJAM (REGD.) - January 20, 2024

Humbled by recieving first price from great poet, SRI. RAJAN KAILAS for KVG NAMBIAR MEMORIAL POETRY WRITING COMPETITION 2023. Another well-known poet, Smt. REMA PISHARODY presented her poetry book "Goodam" and Smt. Santha.N.K. presented cash price. It was a proud moment to recieve the award and recite my poem infront of my friends and well wishers. 

Sri. Rajan Kailas: https://www.facebook.com/rajankailaskailas?mibextid=ZbWKwL

Sunday, January 14, 2024

സീത

കരളേ എൻ കരളേയെന്തേ
കനവിൽ നീയെത്താത്തേ
കത്തുന്ന ചങ്കിൻ ചൂടിൽ
കരിയിലികൾ കൊഴിയുന്നിവിടെ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കാടല്ലെ നരിയും പുലിയും
കാട്ടാനക്കൂട്ടവുമുണ്ടേ
കണ്ണഞ്ചും കാഞ്ചനമല്ല
കല്ലുണ്ട് മുള്ളുണ്ടിവിടെ
കല്ലിൽ നിൻ കാലുകടഞ്ഞാൽ
കരളെൻ്റെ നോവും പെണ്ണേ
കാലിൽ ചെറു മുള്ളു വരഞ്ഞാൽ
കരളെൻ്റെ കോറും പെണ്ണേ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കരിനീലക്കണ്ണ് മിഴിച്ച്
കരയുന്നു മാൻപേടകളും
കണ്ണേ നിൻ കൊഞ്ചും കിളികൾ
കണ്ണീരിൽ വലയുന്നവിടെ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കലമാൻ്റെ പൊന്നിൻ ചന്തം
കണ്ടല്ലെ പൊന്ന് മയങ്ങി
കലമാനും കടമിഴിയാളും
കനവായി കാട്ടിൽ മറഞ്ഞു

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കരളേ എൻ കരളേയെന്തേ
കനവിൽ നീയെത്താത്തേ
കത്തുന്ന ചങ്കിൻ ചൂടിൽ
കരിയിലികൾ കൊഴിയുന്നിവിടെ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

Sunday, December 31, 2023

പരാജിതൻ

ഒരു പരാജിതൻ മരിച്ചുപോയി
പരാജിതനായത്കൊണ്ട്
ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ്
അയാളുടെ
സ്വാഭാവികമരണാവകാശത്തെയും
എല്ലാവരും പരാജയപ്പെടുത്തി

അതിനുശേഷമാണ്
പുഴവക്കിലെ കായ്ക്കാമരത്തിൻ്റെ
ഉണക്കക്കൊമ്പിൽ
ആ കാക്കയിരുന്ന്
കരയാൻ തുടങ്ങിയത്

എന്നും രാത്രിയിൽ
ആ മരക്കൊമ്പ് ഒടിഞ്ഞ് വീഴും
പിറ്റേന്ന് മറ്റൊരു ഉണക്കക്കൊമ്പ്
ആ കാക്ക തിരഞ്ഞെടുക്കും

കാക്കയിരിക്കുമ്പോൾ
ആ മരക്കൊമ്പ്
ഉണങ്ങുന്നതാണെന്നാണ്
നിഷാദ് പറയുന്നത്

നിഷാദ് പരാജിതൻ്റെ
സുഹൃത്തായിരുന്നു

അവൻ ആ കാക്കയെ
പകയോടെ നോക്കുന്നത്
ഞാൻ കാണാറുണ്ട്

ഒരു ദിവസം അവൻ കല്ലെടുത്ത് 
കാക്കയെ ഉന്നം വക്കുന്നത് കണ്ട്
ഞാൻ ഉറക്കെയലറി

"അരുത് നിഷാദേ .."

അപ്പോഴേക്കും കല്ല് ഉന്നത്തിലെത്തി
അതുകണ്ട് ഞാൻ പോയി 
ഒട്ടും മഹത്തല്ലാത്ത
എന്തോ എഴുതി

2024

സ്വപ്നത്തിൽ കണ്ട ചിത്രശലഭം, രാവിലെയുണർന്നപ്പോൾ, അൽപനേരം വട്ടമിട്ട് പറന്ന് 2023 ലേക്ക് പറന്നുപോയി. അപ്പോഴതാ 2024 പതിയെ കിഴക്കുദിച്ചു വരുന്നു.

ഏവർക്കും പുതുവത്സരാശംസകൾ
- മധു

Thursday, December 28, 2023

വളരുന്ന കവിത

ഒന്നാം വരിയിൽ ഒന്നുമായില്ല
രണ്ടാം വരിയെ കണ്ടെടുത്തെഴുതി
മൂന്നാം വരിയെ മുനവച്ചെഴുതി
നാലാം വരിയിൽ നാട് മണത്തു
അഞ്ചാം വരിയിൽ കൊഞ്ചൽ നിറച്ചു
ആറാം വരിയിൽ ആറൊന്നൊഴുകി
ഏഴാം വരിയിൽ കേഴൽ പൊഴിഞ്ഞു
എട്ടാം വരിയെ കട്ടെടുത്തെഴുതി
ഒമ്പതാം വരിയിൽ ഒടുക്കത്തിലെത്തി
പത്താം വരിയെ കാത്തിരിപ്പാണ് ഞാൻ

Saturday, December 9, 2023

ചതുരചാരുത

ഒട്ടും സമമല്ലാത്ത ഒരു ചതുരം
കൈപ്പത്തിയെ അപഹരിച്ചു
അതിനകത്തെ ചെറു ചതുരത്തിൽ
വാർത്തകളും
പരസ്യങ്ങളും
പരദൂഷണങ്ങളും
തിടുക്കത്തിൽ നിരങ്ങി നീങ്ങി
അതിനൊപ്പം
മുഖപേശികൾ പണിപ്പെട്ട്
വികാരങ്ങളെ ചേരുംപടി ചേർത്തു
ഇടയിൽ കയറി വന്ന ഒരു കവിതയെ
വശങ്ങളിലെ കിടങ്ങിലേക്ക്
തള്ളിയിട്ട് നിഷ്ക്കരുണം കൊന്നു
ആ നിലവിളിശബ്ദം 
ആഴങ്ങളിലേക്കകന്ന് പോകുന്ന 
സ്വപ്നം കണ്ട് ചതുരം
ഇടക്കിടക്ക് ഞ്ഞെട്ടിവിറച്ചു
ചതുരത്തിന്റെ തലച്ചോറിൽ
പതിയെ അതൊരു രോഗമായി
പ്രതിവിധി രോഗാണുക്കൾ
വിഫലമായപ്പോൾ 
ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ടു
ഊർജം വറ്റി വറ്റി ഒരുനാൾ
ചതുരം അനക്കമറ്റു

Wednesday, July 12, 2023

മറവിമുദ്രകൾ

മറക്കാതിരിക്കുവാൻ മനസ്സിൽ കുറിച്ചിട്ട മുദ്രകളൊക്കെയും മാഞ്ഞുപോയി
മറക്കില്ലൊരിക്കലും എന്നു പറഞ്ഞത് എന്തിനാണെന്നും മറന്നു പോയി

വരിയിൽ വിദ്യാലയ മുറ്റത്ത് നിൽക്കവെ
വഴി തെറ്റി വന്നൊരു നോട്ടമാണോ
അന്നൊരദ്ധ്യാപകൻ ചെവികളിൽ നൽകിയ
ചെറു നോവു ചേർന്നൊരു പാഠമാണോ
അത് കണ്ട് ചുറ്റിലും ചിരികളുണരവേ
ആർദ്രമായ് കണ്ടൊരാ കൺകളാണോ

മറക്കാതിരിക്കുവാൻ താളിൽ വരച്ചിട്ട
ചിത്രങ്ങളൊക്കെയും ചിതലരിച്ചു

തരളിത സ്വപ്നത്തിൽ ലളിതമായൊഴുകിയ
സരളമാം ഗാനത്തിനീണമാണോ
മാനത്ത് താരങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
ചാരത്ത് ചിമ്മിയ താരദ്വയങ്ങളാണോ
തളരുന്ന വേളയിൽ താങ്ങായിയെത്തിയ
കൈകൾ പകർന്നൊരാ സ്നേഹമാണോ

മറക്കാതിരിക്കുവാൻ ചുവരിൽ വരഞ്ഞിട്ട
വാക്കുകളൊക്കെയും വികൃതമായി
മറക്കാതിരിക്കുവാൻ വൈദ്യൻ കുറിച്ചൊരാ
മറവിമരുന്നും മറന്നുപോയി

മറക്കാതിരിക്കുവാൻ മനസ്സിൽ കുറിച്ചിട്ട മുദ്രകളൊക്കെയും മാഞ്ഞുപോയി
മറക്കില്ലൊരിക്കലും എന്നു പറഞ്ഞത് എന്തിനാണെന്നും മറന്നു പോയി 

Thursday, June 15, 2023

ധ്യാനനിസ്വനം

ധ്യാനനിസ്വനം


കിളികളുറക്കെ ചിലക്കുന്നു ചുറ്റിലും 
എൻ്റെ ധ്യാനം മുടക്കുവാനായ് 
കൺകളിൽ കുത്തിതറക്കുന്നു പൊൻവെട്ടം 
എൻ്റെ ധ്യാനം മുടക്കുവാനായ് 
പുതുമഴയിലുണരുന്നു മണ്ണിൻ്റെ മണമെങ്ങും 
എൻ്റെ ധ്യാനം മുടക്കുവാനായ് 
തളിരിളം കുളിർകാറ്റ് വീശുന്നു മേനിയിൽ 
എൻ്റെ ധ്യാനം മുടക്കുവാനായ് 
തേൻവരിക്കച്ചക്ക വിണ്ടതിൻ രുചി നാവിലൂറുന്നു 
എൻ്റെ ധ്യാനം മുടക്കുവാനായ്  

ആര് മെല്ലെയെന്നരികത്തു വന്നിടുന്നു 
എൻ്റെ ധ്യാനം മുടക്കുവാനായ് 

ധ്യാനമാണ് ഞാൻ, അജ്ഞാതഗുരുവായി 
നിന്നരികിലെത്തുവാൻ വന്നതാണ് 
ധ്യാനമാണ് ഞാൻ, പഞ്ചേന്ദ്രിയങ്ങളിൽ 
നിന്നിലേക്കെത്തുവാൻ വന്നതാണ് 

ധ്യാനമാണ് ഞാൻ, 
..... പാട്ടിലെ പൊരുളായ്‌ 
..... അറിവിൻ്റെ വെട്ടമായ് 
..... ജീവൻ്റെ മണമായ്
..... കരുണയുടെ കുളിരായ് 
..... വിശപ്പിൻ്റെ രുചിയായ് 
വന്നതാണ് 

ധ്യാനമാണ് ഞാൻ, പഞ്ചേന്ദ്രിയങ്ങളിൽ 
നിന്നിലേക്കെത്തുവാൻ വന്നതാണ് 

Monday, February 20, 2023

ശബ്ദോദയം

ശബ്ദോദയം

ബോധനിറവ് ഊർജമായി
ഊർജസരസ്സിൽ കണങ്ങൾ കലപില കൂട്ടി
കോലാഹലം തരംഗങ്ങളായി
കർണപുടങ്ങളിൽ ശബ്ദമായി
കാലങ്ങളിൽ സഞ്ചരിച്ച് പരിണമിച്ചു
വാക്കുകളായി
വാക്കിലെ പൊരുളായി
ചിലത് ചിരിയായി
ചിലത് ചിന്തകളായി
ചിലത് മുറിവായി
ചിലത് വെറും ചിലപ്പായി
ചിലത് തരംഗങ്ങളൊത്ത്
വൃത്താകൃതിയിൽ വളർന്ന്
വൃത്തമില്ലാത്ത കവിതകളായി

ശബ്ദം ചുറ്റിലും നിറഞ്ഞു
ആക്രോശമായി
വാഹനങ്ങളുടെ കോലാഹലമായി

" വഴീടെ നടുവിലാ അവന്റെ സ്വപ്നം കാണല്
എടുത്തോണ്ട് പോടാ"

സമാധാനമായി