Sunday, July 6, 2025

പതിവ് മറവി

പതിവിടത്തേക്ക്
പതിവ് പോലെ
പതിവ് സമയത്ത്
പതിയെ നടക്കുമ്പോൾ
ചിന്താപദ്ധതികൾ
രണ്ടായി പിളർന്ന്
ഒരു പകുതി 
മറുപകുതിയോട് ചോദിച്ചു
എന്തോ മറന്നില്ലേ?
ഉടനെ കീശയിൽ
ചതുരസന്തതസഹചാരിയെ
തൊട്ടു നോക്കി 
ഇല്ല ഒന്നും മറന്നില്ല
അല്ല, എന്തോ ഒന്ന്
നടക്കുംതോറും 
കിരുകിരുപ്പേറി വരുന്നു
അതാ വരുന്നു 
പതിവായി കാണുന്നൊരാൾ
കാണാത്തപോലയാൾ കടന്ന് പോയി
പതിവായി കുശലം പറയും മരങ്ങൾ
ആകാശം നോക്കി നിൽക്കുന്നു
ഇലകളും പൂക്കളും ചെടികളും
കൈകൊട്ടി വിളിച്ചിട്ടും 
കേൾക്കാതെ കാറ്റിലാടുന്നു
ഒടുവിലൊരിടത്ത് നിന്നു ഞാൻ
അടുത്തു വന്നൊരു കൂട്ടരോട്
അടുത്തൊരിടത്തേക്ക്
അറിയാത്തപോലെ വഴിചോദിച്ചു
അവരും കേൾക്കാതെ കടന്ന് പോയി
പെട്ടെന്നെനിക്ക് പിടികിട്ടി
എന്താണ് ഞാൻ മറന്നതെന്ന്

എന്താണത്?

സുഹൃത്തെ,
ഈ ചോദ്യം കവിയുടെ പരാജയമാണ്

Wednesday, February 19, 2025

ഒരു ദാർശനിക പ്രശ്നം

കുറച്ച് നാളുകളായി ഒരു ദാർശനിക പ്രശ്നം
രാത്രികളിൽ എന്നെ അലട്ടുന്നു

പകൽ ഇരുൾമാളങ്ങളിൽ ഒളിച്ചിരുന്ന്
പ്രകാശചേതനയെ ഒഴിവാക്കുന്ന ഒരു പ്രശ്നം

അന്ധകാരം നിറഞ്ഞ രാത്രിയുറക്കത്തിൽ
പുറത്തിറങ്ങി പരതിനടക്കുന്ന ഒരു പ്രശ്നം

ഞെട്ടിയുണർന്ന് വെളിച്ചപ്പെടുത്തുമ്പോൾ
അവിടിവിടെ പകച്ച് നിൽക്കുന്ന പ്രശ്നം

പാറ്റയെ തല്ലിക്കൊല്ലുന്നതാണോ 
മരുന്നടിച്ച് കൊല്ലുന്നതാണോ കൂടുതൽ ശരി

എത്ര ചതച്ചാലും അനങ്ങുന്ന ഒരു കാൽ
തലച്ചോറിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും

മരുന്നടിച്ചാൽ അന്തരീക്ഷത്തിൽ പടരുന്ന
പൊള്ളുന്ന മണം ഭയപ്പെടുത്തിക്കൊണ്ടിരിക്കും

ഉത്തരം തേടി ലോകം മുഴുവൻ ഞാൻ
വിരൽതുമ്പിനാൽ തിരഞ്ഞു

നിർമ്മിതബുദ്ധി ചോദ്യത്തിൻ്റെ ഭാവമനുസരിച്ച് തിരിച്ചും മറിച്ചും ഉത്തരം തന്നു

ഒടുവിൽ ചിരകാല സുഹൃത്തുക്കളുടെ സാമൂഹ്യ കൂട്ടായ്മയിൽ ആശങ്ക പങ്ക് വച്ചു

മഹാഭാരതത്തിലെ ധര്‍മച്യുതിയിലേക്കും 
ആഗോളതാപനത്തിലേക്കും ചർച്ചകൾ മുറുകി

വെല്ലുവിളികളും ചെളി വാരിയേറുമായി
പുരാതനമായ ആ കൂട്ടായ്മ പിളർന്നു

അതിൽ ഒരു പകുതി ഒരു പ്രമുഖ ദേശീയരാഷ്ട്രീയ സംഘടനയിൽ ചേർന്നു

മറുപകുതിയാകട്ടെ ഒരു പ്രാദേശിക സംഘടനയെ നിരുപാധികം പിന്തുണച്ചു

പാറ്റയാകട്ടെ കിട്ടിയ സമയം കൊണ്ട് അതിൻ്റെ ജീവനെ ഏതോ പഴുതിലൊളിപ്പിച്ചു

അശാന്തമായ ഉറക്കത്തിലേക്ക് വഴുതി വീണ എൻ്റെ സ്വപ്നത്തിലേക്ക് 
അതിൻ്റെ ആറ് കാലുകൾ ചലിച്ചു തുടങ്ങി

Sunday, February 16, 2025

ഉറക്കം

ആരുടേയോ ഉറക്കത്തിലേക്ക് ഞാൻ വീണുപോയി
മറ്റാരുടേയോ സ്വപ്നത്തിൽ ഞാനുണർന്നു