Saturday, November 13, 2021

വഴിപ്പൂവ്

വഴിപ്പൂവ്

വഴിയരികിൽ കണ്ടൊരു പൂവിനെ

 വെറുതെ നുള്ളിയെടുത്തു ഞാൻ

ആരും കാണാതുടനെ അതിനെ

കീശയിലാക്കി ഒളിപ്പിച്ചു 

അതിന്റെ നിറവും മണവും ഗുണവും

ഇനിമേൽ  എന്നുടെ സ്വന്തം 

വഴിയിലെ പൂവുകൾ കാഴ്ചകളെല്ലാം

പിന്നെ കാണാനായില്ല

ഇടയ്ക്കിടയ്ക്ക് കീശയിൽ നോക്കി

പൂവുണ്ടവിടെ ഭദ്രം

 യാത്ര കഴിഞ്ഞിട്ടെടുത്ത് നോക്കി 

ഗർവ്വോടെന്നുടെ പൂവിനെ ഞാൻ

വലിച്ചെറിഞ്ഞാ മണമില്ലാത്തൊരു

വാടിയ പൂവിനെയുടനെ 

ചുറ്റിലുമപ്പോൾ പല ചെടികളിലായ്

പുഞ്ചിരിതൂകി പൂക്കൾ

Friday, November 5, 2021

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ


ചിതറിക്കിടപ്പുണ്ടാ വീട്ടുവരാന്തയിൽ
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും

പതിവുപോൽ കാലത്തെഴുന്നേറ്റു ഞാൻ 
വെറുതെ നടക്കുകയായിരുന്നു

സൂര്യനെൻ മുന്നിലായുയരുന്നുണ്ട്
നിഴലെന്റ പിന്നിൽ ചുരുങ്ങുന്നുണ്ട്

വഴിയരികിൽ കണ്ടൊരാ കൊച്ചു വീടിൻ
ചുമരാകെ കോറി വരഞ്ഞിട്ടുണ്ട്

ചിതറിക്കിടപ്പുണ്ടാ വീട്ടുവരാന്തയിൽ
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും

അതു ചെയ്ത കുഞ്ഞിനെ കാണുവാനായ്
പിന്നെയുമവിടേക്ക് കൺകൾ പാഞ്ഞു

അപ്പൂപ്പനപ്പോൾ പുറത്തു വന്ന് 
എല്ലാമെടുത്തങ്ങടുക്കി വെച്ചു

പിന്നെയും മുന്നോട്ട് ഞാൻ നടന്നു
നിഴലെന്നെയപ്പോഴും പിന്തുടർന്നു

എവിടെയുമെത്താതെ തിരികെ പോന്നു
നിഴലെന്റെ  വഴികാട്ടിയായി മുന്നിൽ

ആ വീടു കണ്ടു തിരിഞ്ഞു നോക്കി
അപ്പൂപ്പൻ നിൽപ്പുണ്ട് വാതിൽക്കലായ്

അമ്മൂമ്മ തട്ടി തെറിപ്പിക്കുന്നു
ചെറു കളിപ്പാട്ടങ്ങൾ നാലുപാടും




Wednesday, November 3, 2021

അറിയുന്നു ഞാൻ

അറിയുന്നു ഞാൻ
നിന്നെയറിയുന്നു ഞാൻ 

അറിയാത്ത വഴികളിൽ 
വഴികാട്ടിയാവുന്നൊരജ്ഞാതനെ
കാൺകെയറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

കരയുന്ന കുഞ്ഞിനെ 
ഓമനിമ്പോഴുമറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

വയറ് വിശക്കുമ്പോൾ 
എത്തുന്നൊരന്നത്തിൽ 
അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

അന്നം വിളയാൻ പൊടിയും വിയർപ്പിലും അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

ഇഴയുന്ന പുഴുവിലും കാറ്റിലും മഴയിലും
അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ 

എന്നുള്ളിലെന്നെ നയിക്കുന്ന ശക്തി
യിൽ
എന്നിലെ കവിതയിൽ
അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ

അറിയുന്നു ഞാൻ 
നിന്നെയറിയുന്നു ഞാൻ