വാതിൽക്കൽ ജ്ഞാതൻ
ആരു വന്നിതു മുട്ടുന്നു വാതിലിൽ
ആരവങ്ങളൊഴിഞ്ഞൊരീ വേളയിൽ
പാതി ഹൃദയവുമായി വന്നെത്തിയ
പാതി വഴിയിലൊഴിഞ്ഞ പ്രണയമോ
വാതിൽ മെല്ലെ തുറന്നു നോക്കീടവെ
വാനിലാകെ നിറയും നിലാമഴ
ആ നിലാവിൽ കുളിർന്നു നിൽക്കുന്നതാ
ആലിലക്കണ്ണനെൻ മുന്നിലെ പടിയിലായ്
പണ്ടു കണ്ടു മറന്നൊരു ചിത്രമോ
പണ്ടു പായിൽ കിടന്ന ഞാൻ തന്നെയോ
കണ്ടതില്ലിതു പോലൊരു കാഴ്ചയും
കല്പനയിലും നേരിലുമിതുവരെ
എൻ്റെ മുന്നിലാ പൈതൽ വളർന്നതാ
എന്റെയൊപ്പമായെന്നെ നോക്കീടുന്നു
അവനെന്റെ രൂപമാണെൻ്റെ വേഷം
അവനില്ലയെന്നിലില്ലാത്തതൊന്നും
പതിയെ ചിരിച്ചകത്തേക്ക് നടന്നവൻ
പതിയെയാ വാതിലടച്ചിടുന്നു
പതിയെ പടികളിറങ്ങി നടന്നു ഞാൻ
പതിയെയലിഞ്ഞു ഞാനാനിലാവിൽ