Friday, May 28, 2021

മഴനൂലുകൾ

മഴനൂലുകൾ ചിന്നിച്ചിതറി
തളിരിലയിൽ കുളിരു പടർന്നു

കുളിരെല്ലാമൊത്തൊരുമിച്ച്
തെളിനീരിൻ തുള്ളി പിറന്നു

അതു വീണു നനഞ്ഞൊരു ചിറക്
കുഞ്ഞിക്കിളിയൊന്നു കുടഞ്ഞു

വർണ്ണങ്ങൾ വാരിയെറിഞ്ഞ്
മഴവില്ലിന്നഴക് വിരിഞ്ഞു

പുതുമണമായ് വർണ്ണമലിഞ്ഞു 
വേനൽ വെയിലേറ്റൊരു മണ്ണിൽ 

പണ്ടെന്നോ വീണു മയങ്ങിയ
വിത്തിൽ പുതു ജീവനുണർന്നു

മൃദുവേരുകൾ മണ്ണിലിറങ്ങി
തളിരിലകൾ മെല്ലെയുണർന്നു

മഴനൂലുകൾ ചിന്നിച്ചിതറി
തളിരിലയിൽ കുളിരു പടർന്നു

Saturday, May 8, 2021

കഠിനം

കഠിനം

ഗൃഹ പരിസരം അപനിർമിച്ച് കൊണ്ടിരുന്ന ഞാൻ ..

നീ എന്തൂട്ടാ ഈ പറയണ്? മുറ്റത്ത് പുല്ല് ചെത്തല്ലെ ആയിര്ന്നേ

കഠിന പദങ്ങൾ പ്രയോഗിച്ചാലല്ലെ പറയാൻ ഒന്നുമില്ല എന്ന ദുർഘടാവസ്ഥ തരണം ചെയ്യാൻ പറ്റൂ

അയ്... അങ്ങന്യൊന്നുല്ല്യ . നീ എന്തൂട്ടാന്നൊച്ചാ അങ്ങ്ട് കാച്ച്. കേക്കണോര് കേക്കട്ടെ

ഗേഹ വിമുക്തരായ കുറെ
 ഉരഗജീവികൾ എന്റെ പാദങ്ങളിൽ സ്പർശനശങ്കയുണ്ടാക്കി ഓടിയൊളിച്ചു

ഗഗനനീലിമയിൽ നിന്നും നിപതിച്ച ജലധാരയിൽ കുതിർന്ന മണ്ണ് പ്രതിഷേധത്തോടെ ഇളകിവന്നു

അറ്റ് പോയ പുൽശരീരങ്ങൾ  പുഴുകാനായി വ്യത്താകൃതിയിൽ കൂട്ടിയിട്ടു

പാദ രക്ഷക്കിടയിൽ മണ്ണിന്റെ അധിനിവേശം അസ്വാരസ്യമായപ്പോൾ അധ്വാനം നിർത്തി തൂലികയെടുത്തു