Friday, April 16, 2021

കവിയില്ലാതെ ഒരു കവിത

കവിയില്ലാതെ ഒരു കവിത


ഒരു നനുത്ത സാമീപ്യം
എന്നെ ഉണർത്തി

ആരാണ് നീ

ഭാവിയിൽ നീ എഴുതുന്ന ഒരു കവിത

നീയെങ്ങനെ കാലാതീതമായി

കവിതക്ക് കാലമില്ലെന്ന് നീ അറിഞ്ഞാലും

പക്ഷെ കവിക്കുണ്ടല്ലോ, നിന്റെ കർത്താവിന്

അകക്കണ്ണ് തുറന്ന് ചുറ്റും നോക്കൂ

എന്താണീ ശീത വെളിച്ചം, എന്റെ ബുദ്ധി ഇതിലലിയുന്നുവല്ലോ.

കണ്ടാലും കാലാതീതമായ പ്രജ്ഞയുടെ തലം. 

എഴുതിയതും എഴുതാനുള്ളതുമായ എല്ലാ കവിതകളും ഇവിടെ ലയിക്കുന്നുവല്ലോ

ആദി കവിക്കും മുൻപ്, പ്രപഞ്ചോർജത്തിന്റെ തരംഗ വ്യതിയാനങ്ങളിൽ അവ പിറന്നു

നിന്റെ കർത്താവ് ഞാനല്ലെന്ന ഓർമ എന്നിൽ ആനന്ദമായി നിറയുന്നു

മറവികളിലേക്ക് ഞാനുണർന്നു
ഒരു കവിതയെഴുതാനുള്ള അഹന്ത എന്നിൽ പെരുകി



പ്രചോദനം: മധുരംഗായതി (ഒവി വിജയൻ), മനുഷ്യന് ഒരു ആമുഖം (സുബാഷ് ചന്ദ്രൻ)

Tuesday, April 13, 2021

പുതുനാമ്പുകൾ

പുതുനാമ്പുകൾ

പുതുതായ് പിറന്ന കാലം കൺമിഴിച്ചു
ചുറ്റും നോക്കി
പകച്ച് ചോദിച്ചു
ഞാനെന്ത് ചെയ്യണം

പ്രഭാതം മറുപടി പറഞ്ഞു
നീ നന്മകളുടെ കണിയാവുക

വേനൽ മഴയിൽ 
അപ്പോൾ കുരുത്ത പുൽനാമ്പ്
അതു കേട്ട് കോരിത്തരിച്ചപ്പോൾ
ഒരു പൂർണ്ണസൂര്യൻ അതിന്റെ
നെറുകയിൽ പ്രകാശിച്ചു

ഇലച്ചാർത്തുകളിൽ
തത്തിക്കളിച്ചിരുന്ന
വിഷുക്കിളിയുടെ
ആഹ്ലാദം സംഗീതമായി

ഉരുളിയിൽ 
മുറിപ്പാടുണങ്ങാത്ത
ഒരു കണിക്കൊന്ന
വേദന മറന്ന്
മന്ദഹസിച്ചു


Monday, April 5, 2021

മുറിവ്

മുറിവ്
വരയൊന്നങ്ങനെയിങ്ങനെ പോയൊരു വരിയായി
വരികൾ ചേർത്തിങ്ങനെ വച്ചൊരു ചൊല്ലായി
ചൊല്ലിന്റെ മൂർച്ചകൾ കൊണ്ടൊരു മുറിവായി

ആ മുറിവിനെ മാറ്റാൻ പോന്ന മരുന്നെവിടെ
കാടായ കാടും തേടി
നാടായ നാടും തേടി
ആ മുറിവിനെ മാറ്റാൻ പോന്ന മരുന്നെവിടെ

വരയൊന്നങ്ങനെയിങ്ങനെ പോയൊരു വരിയായി
വരികൾ ചേർത്തിങ്ങനെ വച്ചൊരു ചൊല്ലായി
ആ ചൊല്ലിലെ കനവുകൾ മാറ്റും മുറിവെല്ലാം
ആ ചൊല്ലിലെ നേരുകൾ മാറ്റും മുറി വെല്ലാം
ആ ചൊല്ലിലെ നന്മകൾ മാറ്റും മുറി വെല്ലാം