വന്മരനുണകൾ
കുഞ്ഞേ,
നുണകളായിരുന്നു
നീ പഠിച്ച കഥയിൽ
നുണ ഒന്ന്
ഞാൻ അഹങ്കരിച്ചത്രേ
കാറ്റിൽ ചെറുചെടിയുലഞ്ഞപ്പോൾ
വന്മരവും ചെറുചെടിയും
ഞങ്ങളാണെന്ന്
ഞങ്ങൾക്കറിയില്ലല്ലോ
വന്മരവും ചെറുചെടിയും
ഭൂമിയല്ല എന്ന്
നിങ്ങൾക്കല്ലേ അറിയൂ
നുണ രണ്ട്
കൊടുങ്കാറ്റിലാണ്
ഞാൻ വീണതത്രെ
നിങ്ങളുടെ
നുണകൾ കൊണ്ട് മൂർച്ചയേറ്റിയ
മഴുവല്ലേ എന്നെ വീഴ്ത്തിയത്
നുണ മൂന്ന്
കാറ്റിൽ നിലം പൊത്തിയ ചെറു ചെടി
താനേ നിവർന്നുവത്രെ
മണ്ണിൽ താണ് വളമായത്
കനത്ത പാദുകങ്ങൾ കൊണ്ട്
ചവിട്ടിയത് കൊണ്ടല്ലേ
സത്യം, രണ്ടില്ലാത്തത്
ജീവവായുവിൻറെ വിലയറിയുമ്പോൾ
ചെടികളിനിയും മുളക്കും
മരങ്ങളിനിയും വളരും