കടി
വർഷങ്ങൾക്ക് പുറകിൽ നിന്ന്
രണ്ട് നായക്കണ്ണുകൾ
എന്നെ നോക്കി പരിതപിച്ചു
അയ്യോ
ഈ പാവം അലവലാതിയെ
കടിക്കണ്ടായിരുന്നു
ആ നായ ആദ്യമായായിരുന്നു
ആ തെരുവോരത്ത്
അന്ന് പുലർച്ചെ
അവിടെയെങ്ങിനെ
അവനെത്തിയെന്ന്
അവനറിയില്ലായിരുന്നു
അപരിചിത ഗന്ധങ്ങൾ
അവന്റെ മൂക്കിൽ കൂടെ
തലച്ചോറിൽ കയറി
കുത്തിത്തിരുപ്പുണ്ടാക്കി
ഭയപ്പെടുത്തുന്ന ഒച്ചകൾ
ചുറ്റിലും മുഴങ്ങി
ഒന്നുപോലും തിരിച്ചറിയാതെ
അവൻ കുഴങ്ങി
കടുത്ത കല്ലുകളിലുണ്ടാക്കിയ
മതിൽക്കെട്ടിനകത്ത്
കൂർത്ത വെറുപ്പുകൾ
തലയിൽ വച്ച
പടിവാതിലിനപ്പുറത്ത് നിന്ന്
വരേണ്യനായകൾ
അവനെ നോക്കി
കളിയാക്കി കുരച്ചു
അപ്പോൾ അതാ
ഒരു കിണി കിണി ശബ്ദം
അവൻ ഭ്രാന്തമായ് കുരച്ച്
ചുറ്റും നോക്കിയപ്പോൾ
ചവിട്ട് വണ്ടിയിൽ ഞാൻ
അവനെ തീർത്തും
അവഗണിച്ച്
അതിലൂടെ പോകുന്നു
പിന്നെ നടന്നത്
അവനു തന്നെ ഓർമ്മ കാണില്ല
എന്റെ കാലിൽ കൂർത്ത പല്ലുകൾ
ആഴ്ന്നിറങ്ങുമ്പോൾ
അവന്റെ കണ്ണുകൾ പറഞ്ഞുവോ
അയ്യോ
ഈ പാവം അലവലാതിയെ
കടിക്കണ്ടായിരുന്നു