Friday, March 20, 2020

Rectangles

ചതുരങ്ങൾ

പിറക്കും മുമ്പ്
ഒരു ചതുരത്തിൽ
ഞാൻ
അവ്യക്തനായപ്പോൾ
നിങ്ങൾ
ആഹ്‌ളാദിച്ചു

പിറന്നു വീണ
ചതുര കട്ടിലിൽ കിടന്ന്
ഞാൻ
കരഞ്ഞത് കണ്ട്
നിങ്ങൾ
ചിരിച്ചു

ചുറ്റിലും എന്നെ നോക്കുന്ന
ചതുരക്കണ്ണുകളിലെ
തിളക്കം കണ്ട്
ഞാൻ
അന്ധാളിച്ചു

അദ്ധ്യാപകർ
വലിയ ചതുരത്തിൽ എഴുതിയത്
ചെറിയ ചതുരത്തിൽ പകർത്തി
ഞാൻ
വളർന്നു

പുലർകാലങ്ങളിൽ
ചതുര പത്രത്തിൽ നിന്ന്
ഞാൻ
വാർത്തകളറിഞ്ഞു

കയ്യിൽ കിട്ടിയ
ചെറിയ ചതുരങ്ങളിൽ നിന്ന്
അറിവും അറിവുകേടും
ഞാൻ
തലയിൽ കുത്തിനിറച്ചു

കാലം പോകെ
ചതുര ഫലകങ്ങൾ വാങ്ങി
ചതുരങ്ങളിൽ ഒപ്പു വച്ച്
ഞാൻ
നിങ്ങളായി

സമയക്കട്ടകളെ
പല വർണ്ണ ചതുരങ്ങളാക്കി
യന്ത്രങ്ങളുടെ ഓർമകളിൽ
രഹസ്യവാക്കുകൾ കൊണ്ട് പൂട്ടി
നിങ്ങൾ
ആശ്വസിച്ചു

ആറ് വശങ്ങളിലും നിർമിച്ച
ചതുരച്ചുമരുകളിൽ
അലങ്കാരങ്ങൾ നിറച്ച്
നിങ്ങൾ
തടവിലായി

ഒരു ചുമരിൽ
ചതുര വാതിൽ
തുറന്ന് കിടന്നത്
നിങ്ങൾ
കണ്ടില്ല

ഒരു ചുമരിൽ
ചതുര ജാലകത്തിനപ്പുറം
കാത്തുനിന്ന കാറ്റിനെ
നിങ്ങൾ
കണ്ടില്ല

ഒടുവിൽ
ഒരു ചതുരപ്പെട്ടിയിൽ
ഒരു ചതുരക്കുഴിയിൽ
ഒരു ചതുരച്ചിതയിൽ
ചതുരങ്ങൾക്ക് അതീതനാവുമ്പോൾ
ഒരു ചതുരച്ചുമരിൽ
ഒരു ചതുര ചിത്രത്തിന് മുന്നിൽ
ചതുരത്തെ തോൽപ്പിക്കാൻ
ദീര്‍ഘവൃത്തമായി 
ഒരു മാല കാത്തുനിന്നു

വായിച്ച് തീരാത്ത കവിതയായി
ഒരു ചതുരത്തിൽ
ഇതും കുടുങ്ങി കിടക്കുമോ
നിങ്ങൾ
വായിച്ച് തീർത്ത്
ചതുരത്തിൽ നിന്ന്
ഇതിനെ മുക്തമാക്കുമോ




Saturday, March 14, 2020

The Other Side

അപ്പുറം

ഒരു പുലർ കാലത്ത് കണ്ടു ഞാനെന്നെയൊരു
            ജാലകച്ചില്ലിന്റെ ഇങ്ങേ പുറത്തായ്

ഒരു കൊച്ചു ശലഭമായ് ചിറകടിക്കുന്നു ഞാൻ
            തലതട്ടി വീഴുന്നു കാണാ തലങ്ങളിൽ

അപ്പുറം കാണുന്നു കാറ്റിലായാടുന്ന
            പച്ച മരങ്ങളും ചെടികളും പൂക്കളും

അപ്പുറം കാണുന്നു പാടും കിളികളും
            പാറിക്കളിക്കുന്ന കൂട്ടുകാരും

അപ്പുറം കാണുന്നു അതിരറ്റ വാനിലെ
           മേഘങ്ങളെഴുതുന്ന സ്വാതന്ത്ര്യ സംഹിത
         
അപ്പുറം കാണുന്നു നീലയാം വാനിലെ
              ചെഞ്ചുവപ്പോലുന്ന സൂര്യോദയം

അപ്പുറം കാണുന്ന കാഴ്ചകളിലെത്തുവാൻ
              പിന്നെയും പിന്നെയും ചിറകടിക്കുന്നു ഞാൻ

അപ്പുറം കാണുന്ന കാഴ്ചകളിലെത്താതെ
            തലതട്ടി വീഴുന്നു കാണാ തലങ്ങളിൽ

ഒരു കരം നീണ്ടു വരുന്നുണ്ടിതെൻ  നേരെ
             കല്ലെടുപ്പിക്കുമോ രക്ഷിക്കുമോ

ഭ്രാന്തമായ് ചിറകടിച്ചെങ്കിലുമൊട്ടുമേ
             മുന്നോട്ടു പോകുവാനൊത്തതില്ല


ജാലകപ്പാളികൾ മെല്ലെ തുറന്നു ഞാൻ
             ഒരു ശലഭമകലേക്കകന്ന് പോയി

അപ്പുറം കാണുന്ന കാഴ്ചയായതു മാറി
              നിശ്ചലം നിൽക്കുന്നു ഞാനിപ്പുറം

ജാലക  കൂടിൻറെ അഴികൾ പിടിച്ചിതാ 
             നിശ്ചലം നിൽക്കുന്നു ഞാനിപ്പുറം