രാത്രികളിൽ എന്നെ അലട്ടുന്നു
പകൽ ഇരുൾമാളങ്ങളിൽ ഒളിച്ചിരുന്ന്
പ്രകാശചേതനയെ ഒഴിവാക്കുന്ന ഒരു പ്രശ്നം
അന്ധകാരം നിറഞ്ഞ രാത്രിയുറക്കത്തിൽ
പുറത്തിറങ്ങി പരതിനടക്കുന്ന ഒരു പ്രശ്നം
ഞെട്ടിയുണർന്ന് വെളിച്ചപ്പെടുത്തുമ്പോൾ
അവിടിവിടെ പകച്ച് നിൽക്കുന്ന പ്രശ്നം
പാറ്റയെ തല്ലിക്കൊല്ലുന്നതാണോ
മരുന്നടിച്ച് കൊല്ലുന്നതാണോ കൂടുതൽ ശരി
എത്ര ചതച്ചാലും അനങ്ങുന്ന ഒരു കാൽ
തലച്ചോറിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും
മരുന്നടിച്ചാൽ അന്തരീക്ഷത്തിൽ പടരുന്ന
പൊള്ളുന്ന മണം ഭയപ്പെടുത്തിക്കൊണ്ടിരിക്കും
ഉത്തരം തേടി ലോകം മുഴുവൻ ഞാൻ
വിരൽതുമ്പിനാൽ തിരഞ്ഞു
നിർമ്മിതബുദ്ധി ചോദ്യത്തിൻ്റെ ഭാവമനുസരിച്ച് തിരിച്ചും മറിച്ചും ഉത്തരം തന്നു
ഒടുവിൽ ചിരകാല സുഹൃത്തുക്കളുടെ സാമൂഹ്യ കൂട്ടായ്മയിൽ ആശങ്ക പങ്ക് വച്ചു
മഹാഭാരതത്തിലെ ധര്‍മച്യുതിയിലേക്കും
ആഗോളതാപനത്തിലേക്കും ചർച്ചകൾ മുറുകി
വെല്ലുവിളികളും ചെളി വാരിയേറുമായി
പുരാതനമായ ആ കൂട്ടായ്മ പിളർന്നു
അതിൽ ഒരു പകുതി ഒരു പ്രമുഖ ദേശീയരാഷ്ട്രീയ സംഘടനയിൽ ചേർന്നു
മറുപകുതിയാകട്ടെ ഒരു പ്രാദേശിക സംഘടനയെ നിരുപാധികം പിന്തുണച്ചു
പാറ്റയാകട്ടെ കിട്ടിയ സമയം കൊണ്ട് അതിൻ്റെ ജീവനെ ഏതോ പഴുതിലൊളിപ്പിച്ചു
അശാന്തമായ ഉറക്കത്തിലേക്ക് വഴുതി വീണ എൻ്റെ സ്വപ്നത്തിലേക്ക്
അതിൻ്റെ ആറ് കാലുകൾ ചലിച്ചു തുടങ്ങി