Wednesday, July 12, 2023

മറവിമുദ്രകൾ

മറക്കാതിരിക്കുവാൻ മനസ്സിൽ കുറിച്ചിട്ട മുദ്രകളൊക്കെയും മാഞ്ഞുപോയി
മറക്കില്ലൊരിക്കലും എന്നു പറഞ്ഞത് എന്തിനാണെന്നും മറന്നു പോയി

വരിയിൽ വിദ്യാലയ മുറ്റത്ത് നിൽക്കവെ
വഴി തെറ്റി വന്നൊരു നോട്ടമാണോ
അന്നൊരദ്ധ്യാപകൻ ചെവികളിൽ നൽകിയ
ചെറു നോവു ചേർന്നൊരു പാഠമാണോ
അത് കണ്ട് ചുറ്റിലും ചിരികളുണരവേ
ആർദ്രമായ് കണ്ടൊരാ കൺകളാണോ

മറക്കാതിരിക്കുവാൻ താളിൽ വരച്ചിട്ട
ചിത്രങ്ങളൊക്കെയും ചിതലരിച്ചു

തരളിത സ്വപ്നത്തിൽ ലളിതമായൊഴുകിയ
സരളമാം ഗാനത്തിനീണമാണോ
മാനത്ത് താരങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
ചാരത്ത് ചിമ്മിയ താരദ്വയങ്ങളാണോ
തളരുന്ന വേളയിൽ താങ്ങായിയെത്തിയ
കൈകൾ പകർന്നൊരാ സ്നേഹമാണോ

മറക്കാതിരിക്കുവാൻ ചുവരിൽ വരഞ്ഞിട്ട
വാക്കുകളൊക്കെയും വികൃതമായി
മറക്കാതിരിക്കുവാൻ വൈദ്യൻ കുറിച്ചൊരാ
മറവിമരുന്നും മറന്നുപോയി

മറക്കാതിരിക്കുവാൻ മനസ്സിൽ കുറിച്ചിട്ട മുദ്രകളൊക്കെയും മാഞ്ഞുപോയി
മറക്കില്ലൊരിക്കലും എന്നു പറഞ്ഞത് എന്തിനാണെന്നും മറന്നു പോയി