ബാഹ്യാസ്ഥി
ചിലന്തി - അസ്ഥിയെ പുറത്താക്കിയ ജീവി
അഹന്തയെ അകത്താക്കിയവർ അതിനെ വെറുത്തു
ജീവനൂൽ പൊട്ടിപ്പോയെങ്കിലും
ജാലകക്കമ്പിയിൽ ഒട്ടിച്ച ജഠരനൂലിൽ
ഒരു ബാഹ്യാസ്ഥിക്കൂടം തൂങ്ങിക്കിടന്നു
അരികെ പറന്ന ഒരു ചെറു പ്രാണി
ഭൂതകാല ഓർമയുടെ ഭയത്തിൽ
ഞെട്ടിത്തിരിഞ്ഞു പറന്നു പോയി
സ്വന്തം ഭാരമില്ലായ്മയിൽ നൊന്ത്
ബാഹ്യാസ്ഥിയപ്പോൾ വട്ടം തിരിഞ്ഞു
തൊലിയിലെ ചായങ്ങളും
ചമയങ്ങളും കട്ടപിടിച്ചവർ
ഉൾക്കാമ്പ് നഷ്ടപ്പെട്ടവർ
പൊങ്ങച്ച നൂലുകളിൽ തൂങ്ങി
ഭാരമില്ലായ്മ സ്വയം വിളമ്പരം ചെയ്തു
ഒരുനാൾ ഗർവോടെ കെട്ടിയ വല
മിന്നിത്തിളങ്ങുന്ന നൂലുകൾ
തനിക്കുമാത്രം അറിയുന്ന രഹസ്യവഴികൾ
വലയിൽ വീഴും ചെറുപ്രാണികൾ
എല്ലാം വലിയൊരു വലയിൽ വീഴും വരെ
പഞ്ചഭൂതങ്ങളിൽ ലയിക്കാൻ വിസമ്മതിച്ച്
ഈ ബാഹ്യാസ്ഥി മാത്രം കുറച്ച്നാൾ കൂടി
ചിലന്തി - അസ്ഥിയെ പുറത്താക്കിയ ജീവി
അഹന്തയെ അകത്താക്കിയവർ അതിനെ വെറുത്തു