ആത്മ രോഗം
പനിയില്ല ചുമ ഇല്ല കൈകാൽ കഴപ്പില്ല, തൊണ്ടയിൽ ഇല്ലൊരു വാക്കു പോലും
എന്നിട്ടുമെന്തിനോ ചെന്ന പാടേ, ഉയരമളന്ന് കുറിച്ചുവച്ചു, ഭാരമളന്നതിൽ ചേർത്തുവച്ചു
ശീതികരിച്ച മുറിയുടെ വാതിലിൽ പേരുണ്ട്, പേരിന്നു മുന്നിലും പിന്നിലും വാലുമുണ്ട്
കൈകളിൽ കിട്ടിയ യന്ത്രങ്ങളൊക്കെയെൻ, ദേഹത്തിനുള്ളിലും വെളിയിലും വച്ച് നോക്കി
ഗൗരവമെന്നെ ചുഴിഞ്ഞു നോക്കി പിന്നെ സഹതാപമോടെ പറഞ്ഞിങ്ങനെ
രണ്ടു ദിവസം കഴിഞ്ഞു വരൂ നിന്റെ പ്രശ്നങ്ങളൊക്കെയും തീർത്തു തരാം
രണ്ടു ദിനങ്ങൾക്ക് ശേഷമവിടെത്തി വാതിൽ തുറന്നു ഞാൻ അമ്പരന്നു
ശൂന്യമാണാ മുറി നടുവിലായുണ്ടൊരു മാമുനി താടി തടവിടുന്നു
അറിയുന്നു ഞാൻ നിന്റെ രോഗം, മകനേ നിനക്കാത്മ രോഗം
മാനവർ കരയുന്ന ശബ്ദങ്ങളൊക്കെയും ചെവികളിൽ കേൾക്കുന്നുവല്ലേ
മകനേ നിനക്കാത്മ രോഗം
ഞെട്ടറ്റു വീഴുന്നൊരിലയുടെ ശബ്ദവും ഭീകരമാകുന്നുവല്ലേ
മകനേ നിനക്കാത്മ രോഗം
പാടുന്ന കിളിയുടെ സങ്കടമൊക്കെയുംഹൃദയം തുളക്കുന്നുവല്ലെ
മകനേ നിനക്കാത്മ രോഗം
മറുമരുന്നെഴുതാനെഴുത്താണി നോക്കവേ, മുറിയാകെ പെട്ടെന്നു മാറി
മേശയ്ക്കു പുറകിലായ് ഗൗരവ മുഖമുണ്ട്, കൈകളിൽ കടലാസു കെട്ടുമുണ്ട്
എന്താണെന്നറിയില്ല പിന്തിരിഞ്ഞോടി ഞാൻ, ചുറ്റിലും ആളുകൾ കണ്മിഴിക്കെ