Sunday, January 23, 2022

കാറ്റ്

കാറ്റ്

ഒരു ചെറുമരം ഓർമകളിൽ നിന്നുണർന്ന് ഇലകളനക്കി
ഒരിളം കാറ്റ് പിറന്ന് അതിന്റെ യാത്രയാരംഭിച്ചു
പഴയൊരു പുഴയിൽ തൊട്ടപ്പോൾ കുഞ്ഞോളങ്ങളായി
കണ്ണുതുറന്ന് ഉറങ്ങിയിരുന്ന ഒരു മീൻ കൂട്ടം വാലാട്ടി കയർത്തു
ഒരാൾ അതു കണ്ട് പുഴയിൽ വലയെറിഞ്ഞു
വലയിൽ കുടുങ്ങിയ മീനുകളെ കാറ്റ് സങ്കടത്തോടെ തഴുകി
തിരിച്ചെത്തിയ കാറ്റിനെ മരം ശകാരിച്ചു
കാറ്റ് മൂകമായി മരത്തിന്റെ ഓർമയിൽ ലയിച്ചു.

രേഖകൾ

രേഖകൾ

രേഖകൾ ചിലത് അങ്ങനെയാണ്
വളഞ്ഞ്
പരസ്പരം മുറിഞ്ഞ്

പഴയവർ പറഞ്ഞു
ജനനം മുതൽ 
മരണം വരെയുള്ള
രേഖയാണ് ജീവിതം

പുതിയവർ പറഞ്ഞു
ജനനത്തിനും
മരണത്തിനും
രേഖകൾ വേണം
അതിനിടയിലും

നേരല്ലാത്ത രേഖകൾ
രേഖയില്ലാത്ത പണം കൊണ്ട്
ജീവിത രേഖയെ ഋജുവാക്കി
 
രേഖകൾ ഇല്ലാതെ
പേരറുക്കപ്പെട്ടവൻ
വേരറുക്കപ്പെട്ടവൻ
ഒരു മുഴം കയറിന്റെ
ലംബമായ രേഖയുണ്ടാക്കാൻ
അതിന്റെ അന്ത്യബിന്ദുവായി

- മധു
  Madhu Raghavan Karanath