താഴെയുള്ളൊരാ വഴിയിൽ നോക്കവേ
തലകളനവധി പോയിടുന്നു
ചെറിയ വട്ടങ്ങളെന്നപോലവെ
കറുകറുത്ത മുടി നിറഞ്ഞവ
പഞ്ഞി പോലെ വെളു വെളുത്തവ
മിനുമിനുത്തൊരു പെട്ടയുള്ളവ
പലതരത്തിലായ് തലകളങ്ങനെ
ജീവിതത്തിൻ കണക്ക് നിറഞ്ഞവ
ജീവിതത്തിൻ മടുപ്പു നിറഞ്ഞവ
ജീവിതത്തിൻ കനവു നിറഞ്ഞവ
പലതരത്തിലായ് തലകളങ്ങനെ
ലക്ഷ്യമെത്താൻ പാഞ്ഞു പോകുന്നവ
ലക്ഷ്യമില്ലാതലഞ്ഞു നടപ്പവ
ലക്ഷ്യമെത്തി ചിരിച്ചു നടപ്പവ
പലതരത്തിലായ് തലകളങ്ങനെ
ചതിയൊതുക്കി പതുങ്ങി നടപ്പവ
ചതിയിൽ വീണു കരഞ്ഞ് നടപ്പവ
ചതിയിനിയുമെന്തെന്നറിയാത്തവ
പലതരത്തിലായ് തലകളങ്ങനെ
ശാസ്ത്ര വിദ്യകളുള്ളിലുള്ളവ
കലകൾ പലതും പരിലസിപ്പവ
മുന്നിൽ നിന്നു നയിച്ചിടുന്നവ
പലതരത്തിലായ് തലകളങ്ങനെ
താഴെയുെള്ളൊരാ തലകളൊന്നുമേ
മുകളിലുള്ളൊരാ മുറിയിലെന്തേ
മുടി മുറിക്കാൻ വരാത്തെതെന്ന്
ക്ഷുരകനങ്ങനെയോർത്ത് നിന്നു പോയ്