Saturday, July 17, 2021

ആശയം

ആശയം

പുല്ലു ചെത്തി പൊലിയെടുത്ത്
ചോന്ന മണ്ണ് കളച്ചെടുന്നത്
മേലെ മൂടി പതം വരുത്തി
നല്ല നാളിൽ സന്ധ്യ നേരം
കുഴിച്ചിട്ടൂ ഞാനൊരുഗ്രൻ
ആശയത്തെ, ശ്രദ്ധയോടെ

രാവിലെ ഞാൻ ചെന്നു നോക്കി
കവിതയൊന്നും മുളച്ചില്ല
കഥയൊന്നും മുളച്ചില്ല
മൺതരികളെന്നെ നോക്കി
കളിയാക്കി ചിരിക്കുന്നു

നാളു പോകെ ചുറ്റിലും
ശക്തിയോടെ കളവളർന്നു
കവിതയൊന്നും മുളച്ചില്ല
കഥയൊന്നും മുളച്ചില്ല
 
കോപമോടെയവിടത്തെ
മണ്ണുമാന്തിയതിശയം
നീണ്ടു നീർന്നു കിടക്കുന്നു
വലിയോരിരുമ്പുലക്ക

മരം

മരം

ഒരു ചെറുമരമെന്റെ മുന്നിലായ്
വെറുതെ നിൽക്കുന്നു ഭൂമിയിൽ

ഇലയനക്കങ്ങളൊട്ടു നിർത്തി
അതെന്നെ നോക്കുന്നു വിസ്മയം

അസ്തമിക്കുവാനേറെയില്ലിനി
എന്തിനായിവിടിരിപ്പു നീ

അന്തി ചോന്നതു കാണ്മതില്ലയോ
സ്വന്തമായൊരു കൂരയില്ലയോ

പാട്ടുപാടും കിളികളെല്ലാം
എന്റെ ചില്ലയിലലിഞ്ഞുചേർന്നിതാ

അവരുറങ്ങാനായി ഞാനീ
ഇലകളെല്ലാമൊതുക്കിടട്ടെ

അല്ല കുഞ്ഞേ
നിൻ പിന്നിലായ് കൈകളിൽ
എന്തിനായൊളിപ്പിച്ചൊരാ വെൺ മഴു

ശ്രദ്ധയോടതിൻ മരക്കൈ പിടിച്ചീടുക
മൂർച്ച കൊണ്ട് നിൻ വിരൽ മുറിഞ്ഞീടൊലാ