Sunday, June 20, 2021

പപ്പടം

പപ്പടം

മഴ കനത്തെങ്കിലുമാധിയില്ല
പപ്പടം നനയുന്ന ഭീതിയില്ല

നിസ്സംഗനായി ചടഞ്ഞിരിപ്പൂ
അകലേക്ക് മിഴിനട്ട് നാണുവേട്ടൻ

ഓലമെടഞ്ഞൊരാ മേൽകൂരയിൽ
പഴുതു കണ്ടെത്തീ മഴത്തുള്ളികൾ

താഴെയിരിക്കും ഞളുക്കു പാത്രം
കുടിലിന്റെ കണ്ണുനീരേറ്റ് വാങ്ങി

അരികത്തിരിക്കുന്നു രണ്ട് മക്കൾ
ഒട്ടിയ വയറുമായ് മൂകരായി

മൂത്തോളിടക്കിടെ മൺചുമരിൽ
തൂങ്ങുമാ ചിത്രത്തെയെത്തി നോക്കി

നാണുവേട്ടന്റെ പഴമനസ്സ്
പപ്പടമുണ്ടാക്കയായിരുന്നു

കൃത്യമായ് പൊടികൾ അളന്നെടുത്ത്
വെള്ളമൊഴിച്ച് കുഴച്ചെടുത്ത്

ചെറുതായുരുട്ടി പരത്തി വച്ച്
ചെറിയ വട്ടങ്ങൾ മുറിച്ചെടുത്ത്

കൊച്ചു മുറത്തിൽ നിരത്തിവച്ച്
വെയിലത്തുണക്കുകയായിരുന്നു

നിസ്സംഗനായി ചടഞ്ഞിരിപ്പൂ
അകലേക്ക് മിഴിനട്ട് നാണുവേട്ടൻ

മാരിയാൽ വലയുന്ന കാലമല്ലേ
പപ്പടമാർക്കുമേ വേണ്ടയിപ്പോൾ

പപ്പടക്കെട്ടുകൾ പൂക്കാതിരിക്കുവാൻ
പാടുപെടുന്നൊരു കാലമല്ലേ

അയലത്തെ വീട്ടിലെ കുട്ടിയപ്പോൾ
ഉച്ചത്തിൽ കരയുന്നയൊച്ച കേട്ടു

പപ്പടമില്ലെങ്കിൽ വേണ്ടയമ്മേ
ഇന്നിനി ചോറെനിക്കെന്തായാലും

നാണുവേട്ടന്റെ പഴമനസ്സ്
പപ്പടമുണ്ടാക്കയായിരുന്നു